തൃശ്ശൂർ: പുതുക്കാട് പാലിയേക്കര ടോൾ പ്ലാസയിൽ മനുഷ്യവിസർജ്യം തള്ളിയ ടൂറിസ്റ്റ് ബസിനെതിരെ പരാതി. ബസിന്റെ യൂറിനറി ടാങ്കിൽ നിന്നുള്ള മാലിന്യം ടോൾ ബൂത്തിലെ ട്രാക്കിലേക്ക് ഒഴുക്കിയെന്നാണ് പരാതി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സഹിതം ടോൾ പ്ലാസ അധികൃതർ പുതുക്കാട് പൊലീസിനെ സമീപിച്ചു. ഫാസ്ടാഗ് റീഡ് ചെയ്യുന്നതിനായി ടോൾ ബൂത്തിന് മുന്നിൽ ബസ് നിർത്തിയപ്പോഴാണ് ടാങ്കിലെ മാലിന്യം പുറത്തേക്ക് ഒഴുക്കിയതെന്ന് പരാതിയിൽ പറയുന്നു.
ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാതയിൽ ഇത്തരത്തിൽ മനുഷ്യവിസർജ്യം തള്ളുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ടോൾ പ്ലാസ അധികൃതർ ചൂണ്ടിക്കാട്ടി. ടോൾ പ്ലാസ ജീവനക്കാർക്കും യാത്രക്കാർക്കും ഇത് ആരോഗ്യഭീഷണിയാണെന്നും പരാതിയിൽ പറയുന്നു.
സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പാലിയേക്കര ടോൾ പ്ലാസ മാനേജർ ശ്യാംലാൽ പാർഥസാരഥിയാണ് പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തും.




