തിരുവനന്തപുരം: പാപ്പനംകോട് പൂഴിക്കുന്നിലെ സാനിറ്ററി ഷോപ്പിൽ മോഷണം നടത്തിയ കേസിൽ മാർത്താണ്ഡം സ്വദേശി ജസീമിനെ (29) നേമം പൊലീസ് അറസ്റ്റ് ചെയ്തു. സ്ഥാപനത്തിൽനിന്ന് 52,000 രൂപയും മൊബൈൽ ഫോണും മോഷണം പോയെന്ന പരാതിയിലാണ് നടപടി.
ശനിയാഴ്ച പുലർച്ചെയാണ് പൂഴിക്കുന്ന് ജങ്ഷനു സമീപമുള്ള കടയിൽ മോഷണം നടന്നത്. കടയുടെ ഷട്ടറിന്റെ പൂട്ട് തകർത്താണ് മോഷ്ടാവ് അകത്തുകയറിയത്. മുഖം തുണികൊണ്ട് മറച്ചയാൾ കടയിലെ മേശപ്പുറത്തുണ്ടായിരുന്ന സാധനങ്ങൾ പരിശോധിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിരുന്നു. വിവരമറിഞ്ഞ് നേമം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജസീമിനെ അറസ്റ്റ് ചെയ്തത്.
അതേസമയം, കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നേമം പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ കടകളിൽ മോഷണശ്രമങ്ങൾ നടന്നതായും റിപ്പോർട്ടുകളുണ്ട്. രണ്ട് ദിവസം മുമ്പ് പാപ്പനംകോട് തുക്കുവിളയ്ക്ക് സമീപമുള്ള ടെക്സ്റ്റൈൽസ് സ്ഥാപനത്തിലും ബ്യൂട്ടി പാർലറിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ടെക്സ്റ്റൈൽസ് സ്ഥാപനത്തിൽനിന്ന് തുണികളും പണവും നഷ്ടപ്പെട്ടതായാണ് വിവരം. ഈ സംഭവങ്ങൾക്ക് സാനിറ്ററി ഷോപ്പിലെ മോഷണവുമായി ബന്ധമുണ്ടോയെന്ന് വ്യക്തമല്ല. മറ്റ് സംഭവങ്ങളിലും പൊലീസ് അന്വേഷണം തുടരുകയാണ്.




