പത്തനംതിട്ട: ലൈഫ് പദ്ധതി സാമ്പത്തിക തട്ടിപ്പിൽ അറസ്റ്റിലായ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ എം.ആർ. റാണി ലക്ഷ്മിക്കെതിരെ വീണ്ടും കേസ്. അരുവാപ്പുലം പഞ്ചായത്തിൽ 20.64 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയെന്ന പരാതിയിലാണ് കോന്നി പൊലീസ് കേസെടുത്തത്.
ലൈഫ് മിഷൻ, ടോയ്‌ലെറ്റ് മെയിന്റനൻസ് ഫണ്ട് എന്നിവയിലെ തുകകളിൽ തിരിമറി നടത്തിയെന്നാണ് കണ്ടെത്തൽ. പ്ലാൻ ഫണ്ടിൽ അനുവദിച്ച തുകയേക്കാൾ അധികം ഗുണഭോക്താക്കൾക്ക് കൈമാറിയതായും പട്ടികയിൽ ഉൾപ്പെടാത്ത ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിലും റാണി ലക്ഷ്മി ക്രമക്കേട് നടത്തിയതായി നേരത്തെ കണ്ടെത്തിയിരുന്നു. സീതത്തോട് പഞ്ചായത്തിൽ മാത്രം 69.68 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് റിപ്പോർട്ട്. ജനകീയാസൂത്രണ ഭവന നിർമാണ പദ്ധതി, വീട് മെയിന്റനൻസ്, ശുചിമുറി നവീകരണം തുടങ്ങിയ പദ്ധതികളിൽ ബന്ധുക്കളെ ഗുണഭോക്താക്കളാക്കി ഉൾപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയതെന്നാണ് കണ്ടെത്തൽ.
തണ്ണിത്തോട് പഞ്ചായത്തിൽ രണ്ട് ലക്ഷം രൂപയുടെ ക്രമക്കേട് പഞ്ചായത്ത് അധികൃതർ കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. പിന്നാലെ സീതത്തോട് പഞ്ചായത്തിലും പരിശോധന നടത്തി കൂടുതൽ ക്രമക്കേടുകൾ കണ്ടെത്തുകയായിരുന്നു.
തണ്ണിത്തോട് പഞ്ചായത്ത് നൽകിയ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്ത റാണി ലക്ഷ്മി നിലവിൽ കൊട്ടാരക്കര സബ് ജയിലിൽ 14 ദിവസത്തെ റിമാൻഡിലാണ്.













