മുംബൈ: പേടിഎം പേയ്‌മെന്റ് ബാങ്ക് ലിമിറ്റഡിന്റെ ലൈസൻസ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) റദ്ദാക്കിയതിനെ തുടർന്ന് കമ്പനിയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക വിശദീകരണം പുറത്തിറങ്ങി. ലൈസൻസ് റദ്ദാക്കിയാലും പേടിഎം ആപ്പിന്റെ സാധാരണ സേവനങ്ങൾ തടസ്സമില്ലാതെ തുടരുമെന്ന് മാതൃകമ്പനിയായ 197 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ് അറിയിച്ചു.
പിപിബിഎല്ലും പേടിഎം ആപ്പും തമ്മിൽ നേരിട്ടുള്ള പ്രവർത്തന ബന്ധമില്ലാത്തതിനാൽ ആപ്പ് വഴി നടത്തുന്ന പണമിടപാടുകൾ സാധാരണ പോലെ തുടരുമെന്ന് കമ്പനി വ്യക്തമാക്കി. കടകളിലും സ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന പേടിഎം ക്യുആർ കോഡുകൾ, സൗണ്ട് ബോക്‌സുകൾ തുടങ്ങിയ സേവനങ്ങളും തുടർന്നും ലഭ്യമാകുമെന്ന് അറിയിച്ചു.
എന്നാൽ പേടിഎം പേയ്‌മെന്റ് ബാങ്ക് വഴി ലഭിച്ചിരുന്ന വാലറ്റ് സേവനങ്ങൾ ഇനി പ്രവർത്തിക്കില്ലെന്നും വാലറ്റിലേക്ക് പണം നിക്ഷേപിക്കുകയോ അതുവഴി ഇടപാടുകൾ നടത്തുകയോ ചെയ്യാനാകില്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
നിയമപരമായ മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ വീഴ്ചകളും ഭരണപരമായ പിഴവുകളും ചൂണ്ടിക്കാട്ടിയാണ് റിസർവ് ബാങ്ക് നിയന്ത്രണങ്ങൾ കടുപ്പിച്ചതെന്ന് റിപ്പോർട്ടുകളിൽ പറയുന്നു. ഉപഭോക്താക്കൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സാധാരണ ആപ്പ് സേവനങ്ങൾ തുടരുമെന്നും കമ്പനി ഉറപ്പുനൽകി.




