തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പുള്ള കോണ്‍ഗ്രസിലെ മുഖ്യമന്ത്രിപ്പോര് പൊട്ടിത്തെറിയിലേക്കെന്ന് സൂചനകള്‍. മുതിര്‍ന്ന നേതാക്കളെ അധിക്ഷേപിച്ചുള്ള വാട്സ് ആപ്പ് ഗ്രൂപ്പിലെ ചാറ്റ് പുറത്തുവന്നതോടെ പ്രതിക്കൂട്ടിലായത് ഡിജിറ്റല്‍ മീഡിയ സെല്ലാണ്. ഡിജിറ്റല്‍ മീഡിയ സെല്‍ കോര്‍ഡിനേറ്ററായ വിമല ബിനു അഡ്മിന്‍ ആയ ഗ്രൂപ്പിലാണ് മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടെ അധിക്ഷേപിക്കുന്ന ചാറ്റ് നടന്നത്. ഇതോടെ കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ ചുമതലയൊഴിയാന്‍ ഹൈബി ഈഡന്‍ എംപി ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ പശ്ചാത്തലത്തില്‍ സ്ഥാനമൊഴിയുന്നുവെന്നാണ് കെപിസിസി പ്രസിഡന്റിന് നല്‍കിയ കത്തില്‍ ഹൈബി ഈഡന്‍ പറയുന്നത്. എന്നാല്‍ മുഖ്യമന്ത്രിയെ ചൊല്ലിയുള്ള ചര്‍ച്ചയില്‍ ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ ചുമതലയുള്ളവരും പല തട്ടിലാണ്. ഇതും ഒരു കാരണമാണ്.
മുതിര്‍ന്ന നേതാക്കളെ അധിക്ഷേപിക്കുന്നതിന് നേതൃത്വം നല്‍കിയത് വിമല ബിനുവാണെന്നാണ് ആരോപണം. കെ സുധാകരനെ അധിക്ഷേപിക്കുന്ന വിമല ബിനുവിന്റെ വാട്സ്ആപ്പ് ചാറ്റ് പുറത്തുവന്നിരുന്നു. ‘ഇലക്ഷന്‍ 2026 വിഡിഎസ്’ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലെ ചാറ്റുകളായിരുന്നു പുറത്തുവന്നത്.




