ഹരിദ്വാർ: ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ 11 മാസം പ്രായമുള്ള പെൺകുഞ്ഞിന് നേരെ ലൈംഗികാതിക്രമം നടന്നതായി പരാതി. കുടുംബസുഹൃത്താണ് കുഞ്ഞിനെ പീഡിപ്പിച്ചതെന്നാണ് ആരോപണം. ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് ഋഷികേശിലെ എയിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിന് പിന്നാലെ രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.
ഉത്തർപ്രദേശിലെ ദിയോറിയ സ്വദേശികളായ ഫാക്ടറി തൊഴിലാളികളുടെ കുഞ്ഞിനാണ് ദുരനുഭവമുണ്ടായത്. ബിഹാറിലെ ഭാഗൽപൂർ സ്വദേശിയായ യുവാവിനെതിരെയാണ് പരാതി. അടുത്തിടെയാണ് ഇയാൾ ഫാക്ടറിയിൽ ജോലിക്ക് എത്തിയതെന്ന് പൊലീസ് അറിയിച്ചു.
കുഞ്ഞിന്റെ അമ്മ ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് യുവാവ് താമസസ്ഥലത്ത് എത്തിയത്. കരയുന്ന കുഞ്ഞിനെ സമാധാനിപ്പിക്കാമെന്ന് പറഞ്ഞ് ഇയാൾ എടുത്തുകൊണ്ടുപോയി. പിന്നീട് വീടിന്റെ വരാന്തയിലൂടെ നടന്ന് സ്വന്തം മുറിയിലേക്ക് കുഞ്ഞിനെ കൊണ്ടുപോയെന്നാണ് പരാതി.
തുടർന്ന് കുഞ്ഞിന്റെ നിലവിളി കേട്ട് അമ്മ മുറിയിലെത്തിയപ്പോഴാണ് ഗുരുതരമായി പരിക്കേറ്റ നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്. ഇതിനിടെ പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.സംഭവത്തിൽ ഹരിദ്വാർ പൊലീസ് പോക്സോ നിയമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.


