കണ്ണൂർ: കണ്ണൂർ ജില്ലയിലെ കടന്നപ്പള്ളി പാണപ്പുഴയിൽ വീട്ടുകിണറ്റിൽ വീണ മയിലിനെ വനംവകുപ്പ് റെസ്‌ക്യൂവറുടെ സഹായത്തോടെ രക്ഷപ്പെടുത്തി. പരിയാരം ആയുർവേദ കോളേജ് റിട്ട. നേഴ്സിംഗ് അസിസ്റ്റന്റ് ഭാസ്‌കരന്റെ വീട്ടിലെ കിണറ്റിലാണ് മയിൽ വീണത്. കിണറ്റിൽ പക്ഷികൾ വീഴാതിരിക്കാൻ കെട്ടിയിരുന്ന വലയിലാണ് മയിൽ ആദ്യം കുടുങ്ങിയത്. പിന്നീട് വല പൊട്ടി മയിൽ കിണറ്റിലേക്ക് വീഴുകയായിരുന്നു. ഇന്നലെയാണ് വീട്ടുകാർ കിണറ്റിൽ മയിൽ വീണതായി ശ്രദ്ധിച്ചത്. തുടർന്ന് അവർ സർപ്പ വളണ്ടിയർ സുജീന്ദ്രൻ മൊട്ടമ്മലിനെ വിവരം അറിയിച്ചു.
വിവരം ലഭിച്ചതിനെ തുടർന്ന് സുജീന്ദ്രൻ സ്ഥലത്തെത്തി കയറിന്റെ സഹായത്തോടെ കിണറ്റിലിറങ്ങി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് മയിലിനെ സുരക്ഷിതമായി പുറത്തെടുക്കാൻ കഴിഞ്ഞത്. മണിക്കൂറുകളോളം വെള്ളത്തിൽ കിടന്നതിനാൽ മയിൽ അവശനിലയിലായിരുന്നു. തുടർന്ന് അതിനെ തളിപ്പറമ്പ വെറ്റിറിനറി ആശുപത്രിയിൽ എത്തിച്ച് ഡോക്ടർമാരായ സുരേഷ്, ഹരീഷ്‌മ എന്നിവരുടെ നേതൃത്വത്തിൽ ചികിത്സ നൽകി. ചികിത്സയ്ക്ക് ശേഷം ആരോഗ്യനില മെച്ചപ്പെട്ട മയിലിനെ തളിപ്പറമ്പ റേഞ്ച് ഓഫീസർ സനൂപ് കൃഷ്ണന്റെ നിർദേശപ്രകാരം അതിന്റെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് വിടുകയായിരുന്നു.





