തൃശ്ശൂർ: കുന്നംകുളം പെരുമ്പിലാവിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് വൻ കവർച്ച നടത്തിയ കേസിൽ പ്രതി അറസ്റ്റിൽ. കർണാടക ഭദ്രാവതി സ്വദേശി ഷാഹിദ് (24) ആണ് കുന്നംകുളം പൊലീസിന്റെ പിടിയിലായത്. കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ അനിൽകുമാർ ടി. മേപ്പിള്ളിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പെരുമ്പിലാവ് സ്വദേശി അക്ബറിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് മോഷണം നടന്നത്. ഓഗസ്റ്റ് രണ്ടിന് വൈകിട്ട് ആറിനും രാത്രി 8.30നും ഇടയിലായിരുന്നു സംഭവം. വീടിന്റെ മുൻവശത്തെ വാതിലിന്റെയും അലമാരയുടെയും പൂട്ടുകൾ തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്.
അലമാരയിൽ സൂക്ഷിച്ചിരുന്ന ബാഗിൽ നിന്ന് 13.5 പവൻ സ്വർണാഭരണങ്ങൾ, 10,000 രൂപ, 2,000 രൂപ വിലവരുന്ന സൺഗ്ലാസ് എന്നിവ മോഷ്ടിച്ചു. വാഹനത്തിന്റെ ആർ.സി. ബുക്ക്, ആധാർ കാർഡ്, എ.ടി.എം. കാർഡ്, പാൻ കാർഡ് തുടങ്ങിയ പ്രധാന രേഖകളും മോഷണം പോയി.
മോഷണത്തിൽ ആകെ 13.62 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് പരാതി. അക്ബറിന്റെ സഹോദരി സുഹറ ഷംസുദ്ദീൻ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഷാഹിദിനെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.


