റിയാദ്: പാപസ്മരണകളുണർത്തി കല്ലെറിയൽ കർമം നിർവഹിച്ചതോടെ ഹജ്ജിന്‍റെ പ്രധാന ചടങ്ങുകൾക്ക് വിരാമമായി. പൈശാചികതകൾക്കെതിരായ പ്രതീകാത്മക ജംറതുൽ അഖബ അഥവാ വലിയ ജംറ സ്തൂപത്തിനുനേരെ ഏഴ് ചെറു കല്ലുകൾ എറിയുന്നതാണ് ചടങ്ങ്. ജീവിതത്തിലെ സകല തിന്മകളെയും അകറ്റി നിർത്തുകയാണ് ഇതിൻ്റെ പിന്നിലെ വിശ്വാസം.
വ്യാഴാഴ്ച അറഫ സമ്മേളനം കഴിഞ്ഞ് മടങ്ങിയ ഹാജിമാർ മുസ്ദലിഫയിലാണ് രാത്രിയിൽ തങ്ങിയത്. വെള്ളിയാഴ്ച പുലർച്ചെ ഒന്നോടെ ജംറയിൽ എത്തി കല്ലേറ് കർമം ആരംഭിച്ചു. തീർഥാടകർ ജീവിതത്തിലെ സകലതും ദൈവത്തിനു സമർപ്പിക്കുന്നു എന്ന് പ്രഖ്യാപിച്ച് തലമുടി മുണ്ഡനം ചെയ്താണ് ഹജ്ജിന്‍റെ വസ്ത്രത്തിൽ നിന്ന് ഹാജിമാർ ഒഴിവാകുന്നത്.






