നിലമ്പൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പി. വി അൻവർ. വി.എസ്.അച്യുതാനന്ദനെ വഞ്ചിച്ചാണ് പിണറായി വിജയൻ ആദ്യം മുഖ്യമന്ത്രിയായത്. വി.എസിനേയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തേയും പിണറായി വഞ്ചിച്ചു. വഞ്ചനയുടെ ഫലമാണ് അദ്ദേഹത്തിന്റെ മുഖ്യമന്ത്രി സ്ഥാനം. തീർത്തും വഞ്ചകനായ അദ്ദേഹം എങ്ങനെയാണ് തന്നെ വഞ്ചകനെന്ന് വിളിക്കുന്നതെന്നും അൻവർ ചോദിച്ചു.
മലപ്പുറം ജില്ലയെ മുഴുവൻ വഞ്ചിച്ചവനാണ് പിണറായി. പിണറായി കേരളം കണ്ട ഏറ്റവും വലിയ വഞ്ചകനാണ്. 2021ലെ തിരഞ്ഞെടുപ്പിൽ പിണറായി അധികാരത്തിലെത്തിയത് ന്യൂനപക്ഷങ്ങളുടെ പിന്തുണയോടെയാണ്. ന്യൂനപക്ഷങ്ങളും കേരളത്തിലെ മതേതരവാദികളും ഒന്നും ആലോചിക്കാതെ അന്ന് പിണറായിക്ക് പിന്തുണ നൽകി. അന്ന് നൽകിയ വാഗ്ദാനങ്ങളൊന്നും പാലിച്ചിട്ടില്ല. മുനമ്പത്തെ മനുഷ്യരെയും പിണറായി വഞ്ചിച്ചു.
മുനമ്പം വിഷയത്തിൽ ക്രൈസ്തവസമുദായത്തെ വഞ്ചിച്ചു. സിഎഎ വിഷയത്തിൽ കേസുകൾ പിൻവലിക്കുമെന്ന് പറഞ്ഞു, അത് ചെയ്തില്ല. നിതാഖത്ത് സമയത്ത് നാട്ടിലേക്ക് പ്രവാസികളെ ക്ഷണിച്ച് അവരേയും വഞ്ചിച്ചു. ഓൺലൈൻ വ്യാപാരത്തിനെതിരേ നിയമഭേദഗതി കൊണ്ടുവരുമെന്ന് പറഞ്ഞ് അവരേയും വഞ്ചിച്ചു. സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പിലാക്കുമെന്ന് പറഞ്ഞ് കർഷകരേയും വഞ്ചിച്ചു. 25 ലക്ഷം തൊഴിൽ നൽകുമെന്ന് പറഞ്ഞ് യുവാക്കളേയും വഞ്ചിച്ചു, പി.വി. അൻവർ പറഞ്ഞു.






