പാലക്കാട്: പാലക്കാട് മലമ്പുഴയിലെ നവോദയ സ്കൂളിന് സമീപം വീണ്ടും പുലിയെ കണ്ടതിനെ തുടർന്ന് മേഖലയിൽ ജാഗ്രത കർശനമാക്കി. ശനിയാഴ്ച ആദ്യം കണ്ടതിന് പിന്നാലെ വനംവകുപ്പ് ആർആർടി സംഘങ്ങളുമായി നിരീക്ഷണം ശക്തമാക്കിയെങ്കിലും ക്യാമറയിൽ ചിത്രം പതിഞ്ഞിട്ടില്ല. എന്നാൽ നാട്ടുകാർ സൂചിപ്പിച്ച പ്രദേശങ്ങളിൽ നടത്തിയ പരിശോധനയിൽ പുലിയുടെ കാൽപാടുകൾ കണ്ടെത്തി, സാന്നിധ്യം വനംവകുപ്പ് സ്ഥിരീകരിച്ചു.
രാത്രിയാത്ര നിയന്ത്രണങ്ങൾ തുടരുന്നതിനൊപ്പം സമീപത്തെ സ്കൂളുകളിലും സ്ഥാപനങ്ങളിലും പ്രവർത്തന സമയത്ത് മാറ്റം വരുത്തിയിട്ടുണ്ട്. ഇന്നലെ രാത്രി 8 മണിയോടെ റോഡ് മുറിച്ച് കടക്കുന്ന പുലിയെ നാട്ടുകാർ കണ്ടതായി പറയുന്നു. നവോദയ സ്കൂൾ, ഗവ.ഹയർ സെക്കൻഡറി സ്കൂൾ, ആരോഗ്യകേന്ദ്രം, പൊലീസ് സ്റ്റേഷൻ, ജയിൽ എന്നിവയുടെ പരിസരത്തുമാണ് സാന്നിധ്യം. സാഹചര്യത്തെ തുടർന്ന് പ്രദേശത്ത് പുലിപ്പിടിത്ത കൂട്ട് സ്ഥാപിക്കുന്നതിനെക്കുറിച്ച് വനംവകുപ്പ് ആലോചിക്കുന്നു.






