മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ പ്ലസ് ടു വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനമേറ്റതായി പരാതി. ഇരിമ്പിളിയം ജി.എച്ച്.എസ്.എസ്സിലെ വിദ്യാർത്ഥിയായ റഷീദിനാണ് മർദനമേറ്റത്. പത്തോളം വരുന്ന വിദ്യാർത്ഥികൾ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
ഇരുമ്പ് വടി ഉൾപ്പെടെയുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് മർദ്ദനമെന്ന് റഷീദിൻ്റെ കുടുംബം ആരോപിക്കുന്നു. വിദ്യാർത്ഥിയെ വളാഞ്ചേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ റഷീദ് ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് വളാഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






