ന്യൂഡൽഹി: ഉത്തരേന്ത്യയെയും വടക്കുകിഴക്കൻ ഇന്ത്യയെയും ബന്ധിപ്പിക്കുന്ന ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമതി നൽകിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. പദ്ധതി യാഥാർഥ്യമാകുന്നതോടെ ഡൽഹിയിൽനിന്ന് അസമിലെ ഗുവാഹത്തിയിലേക്കുള്ള യാത്രാസമയം എട്ടു മണിക്കൂറായി കുറയും. മേഖലയിലെ വിവിധ നഗരങ്ങൾ തമ്മിലുള്ള യാത്രാസൗകര്യവും ഗണ്യമായി വർധിക്കും.
ബനാറസിനും ന്യൂഡൽഹിക്കുമിടയിലെ പുതിയ വന്ദേ ഭാരത് സ്ലീപ്പർ എക്സ്പ്രസ് സർവീസ് ഫ്ലാഗ് ഓഫ് ചെയ്യുന്നതിന് മുന്നോടിയായി വാരാണസിയിൽ സംസാരിക്കവെയാണ് മന്ത്രി ബുള്ളറ്റ് ട്രെയിൻ പാതയുടെ വിശദാംശങ്ങൾ വ്യക്തമാക്കിയത്. ഡൽഹി, ആഗ്ര, കാൺപൂർ, ലഖ്നൗ, അയോധ്യ, വാരാണസി, പ്രയാഗ്രാജ്, പട്ന എന്നീ നഗരങ്ങളെ ബന്ധിപ്പിക്കുന്ന പാത സിലിഗുരി വഴി ഗുവാഹത്തിയിലേക്ക് നീളും.
പുതിയ പാത നിലവിൽ വരുന്നതോടെ ഡൽഹിയിൽനിന്ന് ആഗ്രയിലെത്താൻ 59 മിനിറ്റും കാൺപൂരിലെത്താൻ ഒരു മണിക്കൂർ 45 മിനിറ്റും ലഖ്നൗവിലെത്താൻ രണ്ട് മണിക്കൂർ 12 മിനിറ്റും മതിയാകും. ലഖ്നൗവിൽനിന്ന് വാരാണസിയിലേക്ക് ഒരു മണിക്കൂർ 21 മിനിറ്റും വാരാണസിയിൽനിന്ന് പട്നയിലേക്ക് ഏകദേശം ഒരു മണിക്കൂറും പ്രയാഗ്രാജിലേക്ക് 33 മിനിറ്റും മാത്രമായിരിക്കും യാത്രാസമയം. വാരാണസിയിൽനിന്ന് ഡൽഹിയിലെത്താൻ മൂന്ന് മണിക്കൂർ 33 മിനിറ്റ് വേണ്ടിവരും. ഓരോ മണിക്കൂർ ഇടവിട്ടായിരിക്കും ബുള്ളറ്റ് ട്രെയിൻ സർവീസുകളെന്നും മന്ത്രി അറിയിച്ചു.
പൂർണമായും ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കുന്ന പാതയുടെ പ്രധാന ഘടകങ്ങളെല്ലാം രാജ്യത്തിനുള്ളിൽത്തന്നെ നിർമിക്കും. തൂണുകളും ഗർഡറുകളും ഉൾപ്പെടെയുള്ള നിർമാണ സാമഗ്രികൾ ഫാക്ടറികളിൽ നിർമിച്ച് ഏകീകൃത രൂപത്തിലാക്കും. പദ്ധതിയുടെ രൂപകൽപ്പന നടപടികൾ പുരോഗമിക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തുവിടുമെന്നും അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
അതേസമയം, മുംബൈ–അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പാതയുടെ ആദ്യഘട്ടം അടുത്ത വർഷം തുറക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും റെയിൽവേ മന്ത്രി അറിയിച്ചു.




