കോഴിക്കോട്: പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ കാപ്പ കേസ് പ്രതിയെ പിടികൂടി. കോഴിക്കോട് മുഖദാര്‍ സ്വദേശി അറയ്ക്കല്‍തൊടിക വീട്ടില്‍ അജ്മല്‍ ബിലാല്‍(24) ആണ് അറസ്റ്റിലായത്. അറസ്റ്റ് ചെയ്ത് വൈദ്യപരിശോധനക്കായി ഹാജരാക്കുന്നതിനിടെയാണ് പ്രതി ചാടിപോയത്.
മലപ്പുറം പുളിക്കലില്‍ വച്ച് ഇന്ന് പുലര്‍ച്ചെയാണ് ഇയാളെ ചെമ്മങ്ങാട് പൊലീസ് പിടികൂടിയത്. കാപ്പ ലിസ്റ്റില്‍ ഉള്‍പ്പെട്ട അജ്മലിനെ ഒരു വര്‍ഷത്തേക്ക് ജില്ലയില്‍ പ്രവേശിക്കരുന്നത് പോലീസ് നിബന്ധന ഉണ്ടായിരുന്നു. എന്നാൽ ഈ
നിയമം ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ച ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
വൈദ്യ പരിശോധന നടത്താനായി കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശുചിമുറിയില്‍ പോകണമെന്ന് പ്രതി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പോലീസ് സമ്മതിക്കുകയായിരുന്നു. എന്നാല്‍ ശുചിമുറിയിലെ വെന്റിലേറ്റര്‍ തകര്‍ത്താണ് ഇയാള്‍ രക്ഷപ്പെട്ടത്.






