കൊച്ചി: മസ്തിഷ്ക സംബന്ധമായ രോഗമുള്ളയാൾക്ക് നേരെ പോലീസിന്റെ ക്രൂരമർദനമെന്നു പരാതി. എറണാകുളം വൈപ്പിൻ സ്വദേശി ഷെർളിങ്കർ റോക്ക്ഫെല്ലർ നെയാണ് പോലീസ് ക്രൂരമായി മർദിച്ചത്. ബിയർ കുപ്പി കൊണ്ട് ദേഹമാകെ മർദിക്കുകയും സ്ട്രോക്ക് വന്ന വ്യക്തിയാണെന്ന് പോലും നോക്കാതെ സ്റ്റേഷനിൽ വെച്ച് തന്നെ മർദിച്ചെന്നും ഷെർളിങ്കർ പരാതിയിൽ പറയുന്നു. സംശയത്തിന്റെ പേരിൽ യുവാവിനെ മർദിച്ചതെന്നാണ് പോലീസ് പറയുന്നത്.
സുഹൃത്ത് ഉൾപ്പെട്ട കേസിൽ സംശയത്തിന്റെ പേരിലായിരുന്നു ഷെർളിങ്കറിന് മർദനമേൽക്കേണ്ടി വന്നത്. മഫ്തിയിൽ വന്ന പോലീസുകാർ തന്നെ ആദ്യം സുഹൃത്തിന്റെ വീടിന് മുൻപിൽ വെച്ച് മർദിച്ചു. തുടർന്ന് ബലമായി ജീപ്പിലേക്ക് വലിച്ചുകയറ്റിയും മർദിച്ചു. സ്റ്റേഷനിൽ എത്തിയ ശേഷവും മുഖത്ത് ഇടിച്ചുവെന്നും ഭിത്തിയിൽ തല ഇടിപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു. എറണാകുളം ജില്ലാ പോലീസ് മേധാവിക്കാണ് യുവാവ് പരാതി നൽകിയിരിക്കുന്നത്.






