കാസർകോട്: അതിഥി തൊഴിലാളിക്ക് കളഞ്ഞുകിട്ടിയ മൊബൈൽ ഫോൺ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചിട്ടും ഉടമയ്ക്ക് തിരികെ ലഭിച്ചില്ല. ഫോൺ മോഷ്ടിച്ച് മറിച്ചുവിറ്റ സംഭവത്തിൽ കാസർകോട് ചന്തേര സ്റ്റേഷനിലെ സിപിഒ ബൈജുവിനെതിരെ പൊലീസ് കേസെടുത്തു. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഒക്ടോബർ എട്ടിനാണ് സ്റ്റേഷന് സമീപത്തെ വഴിയിൽനിന്ന് ഏകദേശം പതിനായിരം രൂപ വിലവരുന്ന മൊബൈൽ ഫോൺ അതിഥി തൊഴിലാളിക്ക് കളഞ്ഞുകിട്ടിയത്. ഇയാൾ ഫോൺ ചന്തേര പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. തുടർന്ന് പാറാവ് ബുക്കിൽ രേഖപ്പെടുത്തി ഫോൺ സ്റ്റേഷനിൽ സൂക്ഷിച്ചു.
പൊലീസ് നടത്തിയ അന്വേഷണത്തിൽ ഫോൺ പയ്യന്നൂർ രാമന്തളി സ്വദേശിനിയുടേതാണെന്ന് കണ്ടെത്തി. വിവരം അറിയിച്ചതിനെത്തുടർന്ന് അടുത്ത ദിവസം സ്റ്റേഷനിലെത്തി ഫോൺ കൈപ്പറ്റാമെന്ന് ഉടമ അറിയിച്ചു. എന്നാൽ ഒരാഴ്ചയ്ക്കുശേഷം ഇവരുടെ മകൻ ഫോൺ വാങ്ങാനായി എത്തിയപ്പോഴാണ് ഫോൺ കാണാനില്ലെന്ന വിവരം പുറത്തറിയുന്നത്.
ഫോൺ കാണാതായ വിവരം സ്റ്റേഷനിലെ വാട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ ഫോണിന്റെ ഐഎംഇഐ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി.
ബദിയടുക്കയിലെ നീർച്ചാൽ ഭാഗത്ത് മറ്റൊരു സിം കാർഡ് ഉപയോഗിച്ച് ഫോൺ പ്രവർത്തിക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് ഫോൺ ഉപയോഗിച്ചിരുന്ന ബദിയടുക്ക സ്വദേശിയെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. സിപിഒ ബൈജുവാണ് ഫോൺ തനിക്ക് വിറ്റതെന്ന് ഇയാൾ മൊഴി നൽകിയതായാണ് വിവരം.
സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒക്ടോബർ 12ന് ബൈജു മേശയിൽ സൂക്ഷിച്ചിരുന്ന ഫോൺ എടുക്കുന്നതും ഫോണിലെ സിം കാർഡ് ഊരിമാറ്റുന്നതും കണ്ടെത്തി.
ഇതിന്റെ അടിസ്ഥാനത്തിലാണ് സിപിഒ ബൈജുവിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിക്കും റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
കളഞ്ഞുകിട്ടിയ ഫോൺ ഉടമയ്ക്ക് തിരികെ ലഭിക്കേണ്ട സാഹചര്യത്തിൽ സ്റ്റേഷനിൽനിന്നുതന്നെ ഫോൺ കാണാതായ സംഭവം പൊലീസിനുള്ളിൽ നടപടികൾക്ക് വഴിവെച്ചിരിക്കുകയാണ്.



