തിരുവനന്തപുരം: വർക്കലയിൽ നീന്തൽ പരിശീലനത്തിനിടെ എട്ടാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ നീന്തൽ പരിശീലകൻ അറസ്റ്റിലായി. തിരുവനന്തപുരം പുഞ്ചക്കരി സ്വദേശി ശരത് ചന്ദ്രനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
നീന്തൽ പരിശീലനത്തിനിടെ വെള്ളത്തിനടിയിൽവെച്ച് പരിശീലകൻ ലൈംഗികാതിക്രമം നടത്തിയെന്നാണ് കുട്ടിയുടെ പരാതി. സംഭവത്തെ തുടർന്ന് സ്കൂൾ മാനേജ്മെന്റ് ഇയാളെ ജോലിയിൽനിന്ന് പുറത്താക്കി. കൗൺസിലിങ്ങിനിടെയാണ് കുട്ടി തനിക്ക് നേരിട്ട അതിക്രമത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് സംഭവം പുറത്തറിഞ്ഞത്.
അതേസമയം, സംഭവത്തിൽ സ്കൂൾ അധികൃതർക്ക് വീഴ്ച സംഭവിച്ചെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. പരിശീലകനെ പുറത്താക്കിയെങ്കിലും കുട്ടിക്ക് നേരിട്ട അതിക്രമത്തെക്കുറിച്ച് പൊലീസിനെ അറിയിച്ചില്ലെന്നാണ് സ്കൂൾ അധികൃതർക്കെതിരായ പരാതി. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.


