കണ്ണൂർ: ‘ആത്രേയകം’ നോവലിനെതിരായ കോപ്പിയടി പരാതിയിൽ എഴുത്തുകാരി ആർ. രാജശ്രീ കോടതിയലക്ഷ്യ ഹർജി നൽകാനൊരുങ്ങുന്നു. നോവൽ മോഷ്ടിച്ചതായി ആരോപിച്ച ആലപ്പുഴ സ്വദേശിനി ഡോ. വിനയശ്രീക്കെതിരെയാണ് ഹർജി നൽകുക. തലശ്ശേരി മുൻസിഫ് കോടതിയുടെ വിധി ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. രാജശ്രീക്കെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീർത്തികരമായ പോസ്റ്റുകൾ പ്രസിദ്ധീകരിക്കുന്നത് വിലക്കി കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കേസ് നിലനിൽക്കുന്നതിനാൽ കൂടുതൽ പ്രതികരണത്തിനില്ലെന്ന് രാജശ്രീ വ്യക്തമാക്കി.
വയലാർ അവാർഡ് നിർണയ സമിതിക്കാണ് ഡോ. വിനയശ്രീ പരാതി നൽകിയത്. താൻ നേരത്തെ എഴുതിയ മൂന്ന് പുസ്തകങ്ങളിലെ ആശയങ്ങൾ പകർത്തിയാണ് ‘ആത്രേയകം’ നോവൽ രചിച്ചതെന്നാണ് വിനയശ്രീയുടെ ആരോപണം. പരാതി പരിശോധിച്ചശേഷം മാത്രമേ നോവലിന് അവാർഡ് നൽകാവൂ എന്നും അവർ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, വിനയശ്രീയുടെ ആരോപണങ്ങൾ ആർ. രാജശ്രീ നിഷേധിച്ചു. വിനയശ്രീ മുമ്പും സമാനമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്നും ഇതിനെതിരെ തലശ്ശേരി കോടതിയിൽ മാനനഷ്ടക്കേസ് നൽകിയിട്ടുണ്ടെന്നും രാജശ്രീ വ്യക്തമാക്കി. കേസ് കോടതിയുടെ പരിഗണനയിലായതിനാൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും അവർ പറഞ്ഞു.


