വത്തിക്കാൻ സിറ്റി: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റക്കാരോടുള്ള സമീപനത്തിൽ വിയോജിപ്പ് രേഖപ്പെടുത്തി ലിയോ പതിന്നാലാമൻ മാർപാപ്പ. കുടിയേറ്റക്കാരുടെ അന്തസ്സിനെ മാനിക്കണമെന്ന് മാർപാപ്പ പറഞ്ഞു.
യുഎസിലുള്ള അനധികൃത കുടിയേറ്റക്കാരെ ട്രംപ് സർക്കാർ നാടുകടത്തുന്ന സാഹചര്യത്തിലാണ് മാർപാപ്പയുടെ വാക്കുകൾ. വെള്ളിയാഴ്ച വത്തിക്കാനിൽ വിവിധ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികളെ അഭിസംബോധനചെയ്യുകയായിരുന്നു അദ്ദേഹം. 185 രാജ്യങ്ങളുമായി വത്തിക്കാന് നയതന്ത്രബന്ധമുണ്ട്.
മെച്ചപ്പെട്ട ജീവിതസാഹചര്യം അന്വേഷിച്ച് മറ്റുരാജ്യങ്ങളിലേക്ക് കുടിയേറുന്നവരോട് സഹാനുഭൂതിയും ഐക്യദാർഢ്യവും പ്രകടിപ്പിക്കാനുള്ള മനസ്സ് തന്റെതന്നെ ജീവിതപശ്ചാത്തലത്തിൽനിന്ന് ഉണ്ടായതാണെന്നും തന്റെ കഥതന്നെ അത്തരമൊരു പൗരന്റേതാനിന്നും കുടിയേറ്റക്കാരുടെ പിൻഗാമിയാണ് താനെന്നും പിന്നീട് പ്രവാസം തിരഞ്ഞെടുത്തവനാണെന്നും അദ്ദേഹം പറഞ്ഞു.






