പെനൽറ്റി ഷൂട്ടൗട്ടുവരെ കലാശപ്പോരാട്ടത്തിൽ നിലവിലെ ചാമ്പ്യൻമാരായ സ്പെയിനിനെ വീഴ്ത്തി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിന് യുവേഫ നേഷൻസ് ലീഗ് കിരീടം. മ്യൂണിക്കിലെ അലിയാൻസ് അരീനയിൽ 5-3നാണ് പോർച്ചുഗലിന്റെ ഷൂട്ടൗട്ട് വിജയം. 2019ലെ പ്രഥമ യുവേഫ നേഷൻസ് ലീഗിൽ കിരീടം ചൂടിയ പോർച്ചുഗലിന്റെ രണ്ടാം കിരീടമാണിത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും രണ്ടു ഗോൾ വീതം നേടി സമനില പാലിച്ചു.
ഷൂട്ടൗട്ടിൽ പോർച്ചുഗലിനായി കിക്കെടുത്തവരെല്ലാം ലക്ഷ്യം കണ്ടപ്പോൾ, സ്പാനിഷ് താരം അൽവാരോ മൊറാട്ടയുടെ കിക്ക് പോർച്ചുഗീസ് ഗോൾകീപ്പർ ഡിയേഗോ കോസ്റ്റ തടുത്തതാണ് നിർണായകമായത്. ഷൂട്ടൗട്ടില്‍ പോർച്ചുഗലിനായി ഗോൺസാലോ റാമോസ്, വിട്ടീഞ്ഞ, ബ്രൂണോ ഫെർണാണ്ടസ്, ന്യൂനോ മെൻഡസ്, റൂബൻ ഡയസ് എന്നിവരാണ് ലക്ഷ്യം കണ്ടത്. സ്പെയിനിനായി മൈക്കൽ മെറീനോ, അലക്സ് ബയേന, ഇസ്കോ എന്നിവരും ലക്ഷ്യം കണ്ടു. യുവതാരം ന്യൂനോ മെൻഡസിന്റെ തകർപ്പൻ പ്രകടനമാണ് പോർച്ചുഗലിന് കിരീടത്തിലേക്ക് വഴിതെളിച്ചത്. നിർണായക ഗോളുമായി സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും തിളങ്ങി.






