ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ സ്ഥാനാർഥി നിർണ്ണയത്തിൽ പുതിയ വഴിത്തിരിവ്. സിറ്റിംഗ് എംഎൽഎമാരെ തന്നെ വീണ്ടും മത്സരിപ്പിക്കണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ കർശന നിർദ്ദേശം ജില്ലാ കമ്മിറ്റിയുടെ പ്രാഥമിക സമവാക്യങ്ങളെ ബാധിച്ചു.
സംസ്ഥാന സെക്രട്ടറിയേറ്റ് മുന്നോട്ടുവച്ച നിർദ്ദേശം അനുസരിച്ച് നിലവിലെ എംഎൽഎമാർ തന്നെ ജനവിധി തേടണമെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇതോടെ ജില്ലാതലത്തിൽ ആലോചിച്ചിരുന്ന ചില മാറ്റങ്ങൾ പ്രതിസന്ധിയിലായി. പ്രത്യേകിച്ച് കായംകുളം മണ്ഡലത്തിൽ സിറ്റിംഗ് എംഎൽഎ യു. പ്രതിഭയ്ക്ക് പകരം ജില്ലാ സെക്രട്ടറി ആർ. നാസറിനെ പരിഗണിച്ചിരുന്ന പദ്ധതി ഇപ്പോൾ അനിശ്ചിതത്വത്തിലായി.
ഇന്ന് ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ സംസ്ഥാന നിർദ്ദേശം അവതരിപ്പിച്ചതോടെയാണ് സമവാക്യം മാറിയത്. ഇതോടെ കായംകുളത്ത് വീണ്ടും യു. പ്രതിഭ തന്നെ മത്സരിക്കാനുള്ള സാധ്യത ഉയർന്നിരിക്കുകയാണ്. മണ്ഡലത്തിൽ മാറ്റം വേണമെന്ന നിലപാട് ജില്ലാ നേതൃത്തിന് ഉണ്ടായിരുന്നെങ്കിലും, സിറ്റിംഗ് സീറ്റുകളിൽ പരീക്ഷണത്തിന് പോകേണ്ടതില്ലെന്ന സംസ്ഥാന നേതൃത്വത്തിന്റെ ഉറച്ച നിലപാട് കൂടുതൽ ചർച്ചകൾക്ക് വഴിവെക്കാനിടയുണ്ട്.






