എവിടെയെങ്കിലും എന്തെങ്കിലും വലിയ പ്രശ്‌നം നടന്നാല്‍ ആളുകള്‍ പറഞ്ഞ് കേള്‍ക്കുന്നൊരു ഡയലോഗാണ് ‘ അതൊക്കെ നടക്കുന്നത് അവിടെയല്ലേ, നമ്മളെ എങ്ങനെ ബാധിക്കാനാ…. ബാധിക്കാത്തിടത്തോളം ഒന്നിലും ഇടപെടേണ്ട…’ എന്നൊക്കെ. ഇപ്പോള്‍ പശ്ചിമേഷ്യ ആകെ കത്തുകയാണ്. ഇറാനില്‍ തുടങ്ങിയ യുദ്ധം ഗള്‍ഫ് മേഖലയാകെ ആളിപ്പടരുകയാണ്. മിസൈലുകള്‍ ഇടിത്തീ പോലെ വീണിറങ്ങുന്നു, കെട്ടിടങ്ങള്‍ കത്തുന്നു, ആളുകള്‍ മരിച്ചു വീഴുന്നു… ഇതെല്ലാം ടിവിയില്‍ കണ്ട് നമ്മള്‍ മലയാളികള്‍ നെടുവീര്‍പ്പിട്ട് പറയുന്നു- ഭാഗ്യം, നമുക്ക് പ്രശ്‌നമൊന്നുമില്ലല്ലോ എന്ന്. എന്നാല്‍ ലോകത്തെവിടെ എന്ത് നടന്നാലും അതെല്ലാം നമ്മളേയും ബാധിക്കുമെന്നതാണ് സത്യം. അതിന്റെ തെളിവുകളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്.
ഇറാന്‍ ഇസ്രയേല്‍ അമേരിക്ക സംഘര്‍ഷത്തിന്റെ അല ഇങ്ങ് ഇന്ത്യയിലും അടിച്ച് തുടങ്ങിയെന്ന് വേണം മനസിലാക്കാന്‍. ഇന്ത്യയിലെ കയറ്റുമതിയാണ് പണി കിട്ടുന്ന ഒരു മേഖല. അരി വ്യാപാരികള്‍ കടുത്ത പ്രതിസന്ധിയിലാകും. ഇന്ത്യയുടെ ബസ്മതി അരി കയറ്റുമതിയുടെ പകുതിയും പശ്ചിമേഷ്യന്‍ രാജ്യങ്ങളായ സൗദി അറേബ്യ, ഇറാന്‍, ഇറാഖ്, യുഎഇ, യമന്‍ എന്നിവിടങ്ങളിലേക്കാണ്. നിലവിലുള്ള ഓര്‍ഡറുകള്‍ റദ്ദാക്കപ്പെടുമോ പുതിയ ഓര്‍ഡറുകള്‍ ഇനി ലഭിക്കുമോ എന്നതടക്കമുള്ള ആശങ്കയാണ് ഇപ്പോള്‍ അലയടിക്കുന്നത്. ബസ്മതി അരി കയറ്റുമതിയില്‍ ഇന്ത്യയാണ് ഒന്നാമത്. ആഗോള ഉത്പാദനത്തിന്റെ ഏകദേശം 70%വും ഇന്ത്യയിലാണ് നടക്കുന്നത്. 2024-25 വര്‍ഷക്കാലയളവില്‍ ഏകദേശം 50,000 കോടിയുടെ ബസ്മതി അരിയാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. തുണിത്തരങ്ങള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍, എഞ്ചിനീയറിങ് ഉല്‍പ്പനങ്ങള്‍ എന്നിവയുടെ എല്ലാം കയറ്റുമതി സ്തംഭിക്കും. രാജ്യത്തിന് തീരെ വരുമാനമില്ലാതെയാകും.
ഇറാന്‍ തങ്ങളുടെ വജ്രായുധമായ ഹോര്‍മൂസ് കടലിടുക്ക് അടച്ചതാണ് അടുത്ത പ്രശ്‌നം. ഹോര്‍മൂസ് കടലിടുക്ക് വഴിയാണ് ഇവിടങ്ങളിലേക്കുള്ള എല്ലാ തരം ചരക്കുകളുടെയും യാത്ര. പ്രതിസന്ധികള്‍ രൂക്ഷമായാല്‍ ഹോര്‍മൂസ് കടലിടുക്ക് കുറച്ചു കാലത്തേക്ക് അടഞ്ഞു കിടക്കും. ഇതുണ്ടാക്കാന്‍ പോകുന്ന പ്രതിസന്ധികള്‍ ചെറുതായിരിക്കില്ല. ആഗോള എണ്ണ വ്യാപാരം പൂര്‍ണമായും ഇതിലൂടെയാണ് എന്നതിനാല്‍ ലോക സമ്പത് വ്യവസ്ഥ തന്നെ നിശ്ചലമാകും.
സൂയസ് കനാല്‍, ബാബ അല്‍ മന്‍ദാബ് എന്നീ പാതകള്‍ ഉണ്ടെങ്കിലും അത് കപ്പല്‍ കമ്പനികള്‍ക്കും കയറ്റുമതി രാജ്യങ്ങള്‍ക്ക് ഭാരിച്ച ചെലവും സമയനഷ്ടവുമാണ് ഉണ്ടാക്കുക. അതിനിടെ സൗദി അറേബ്യയിലെ ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാലകളിലൊന്നായ അരാംകോ റിഫൈനറിക്ക് നേരെ ഡ്രോണ്‍ ആക്രമണം നടന്നിരിക്കുകയാണ്. ആക്രമണത്തെത്തുടര്‍ന്ന് പ്ലാന്റിലെ പ്രവര്‍ത്തനങ്ങള്‍ അരാംകോ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ആഗോള വിപണിയില്‍ ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 80 ഡോളറായി വര്‍ധിച്ചു. ഇത് ലോകമെമ്പാടും വലിയ വിലക്കയറ്റത്തിന് കാരണമായേക്കാം. എണ്ണവില ബാരലിന് 100 ഡോളര്‍ കടന്നേക്കുമെന്ന് ബാര്‍ക്ലേയ്‌സ് ബാങ്ക് മുന്നറിയിപ്പ് നല്‍കി.
തകര്‍ന്നടിയുന്ന ഓഹരി വിപണികളാണ് മറ്റൊരു ആശങ്ക. കോടിക്കണക്കിന് രൂപയാണ് ഈ ദിവസങ്ങളില്‍ വെള്ളത്തിലായത്. ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞു താഴ്ന്നു. ഇപ്പോള്‍ തന്നെ ഡോളറിന് 91 രൂപയിലാണ്, ഇത് ഇനിയും ഇടിഞ്ഞേക്കുമെന്ന് മുന്നറിയിപ്പുണ്ട്. ക്രൂഡ് ഓയിലില്‍ മാത്രമല്ല ഇന്ത്യയുടെ ആശ്രയം. പാചകവാതക (എല്‍പിജി) ഇറക്കുമതിയുടെ വലിയൊരു ഭാഗവും ഹോര്‍മുസ് കടലിടുക്ക് വഴിയാണ് വരുന്നത്. സംഘര്‍ഷ മേഖലയിലൂടെ കടന്നുപോകാന്‍ കപ്പലുകള്‍ മടിക്കുന്നതും ടാങ്കറുകളുടെ നീക്കം കുറഞ്ഞതും വിതരണ ശൃംഖലയെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. പ്രതിസന്ധി നീണ്ടുപോയാല്‍ വീടുകളിലെ പാചകവാതകത്തിന് വില കൂടാനും ക്ഷാമം നേരിടാനും സാധ്യതയുണ്ട്.
ക്രൂഡ് ഓയില്‍ വില കൂടിയാല്‍ അത് പണപ്പെരുപ്പത്തിന് കാരണമാകും. സര്‍ക്കാരിന് സബ്‌സിഡികള്‍ക്കായി കൂടുതല്‍ പണം ചെലവഴിക്കേണ്ടി വരും. ഇത് റിസര്‍വ് ബാങ്കിന്റെ നയപരമായ തീരുമാനങ്ങളെയും സങ്കീര്‍ണ്ണമാക്കും. ആഗോളതലത്തില്‍, നിക്ഷേപകര്‍ സ്വര്‍ണം പോലുള്ള സുരക്ഷിത നിക്ഷേപങ്ങളിലേക്ക് മാറുകയാണ്. ഇത് വലിയ സാമ്പത്തിക അനിശ്ചിതത്വത്തിന്റെ സൂചനയാണ്. ലക്ഷക്കണക്കിന് വരുന്ന പ്രവാസികളുടെ തിരിച്ചുവരവാണ് കേരളത്തെ കാത്തിരിക്കുന്ന വലിയ തിരിച്ചടി. ഗള്‍ഫ് മണി നിലച്ചാല്‍ നാടിന്റെ സമ്പത് വ്യവസ്ഥ തന്നെ തകിടം മറിയുമെന്ന് മലയാളികള്‍ ഓര്‍ത്താല്‍ നല്ലത്. അപ്പോള്‍ ഇനി പറയരുത്, യുദ്ധം അവിടെയല്ലേ.. നമുക്കെന്ത് പ്രശ്‌നം എന്ന്. മിസൈലുകളെ നേരിടേണ്ടി വരില്ലെന്ന വ്യത്യാസമേയുള്ളൂ, ബാക്കിയെല്ലാം നമ്മളും അനുഭവിക്കണം.




