സിതാപൂർ: ഉത്തർപ്രദേശിലെ സിതാപൂരിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 24 വയസ്സുകാരനായ ദീപു ഭാർഗവയാണ് 22 വയസ്സുള്ള ഭാര്യ ഛായ ദേവിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.
ഉറങ്ങിക്കിടക്കുമ്പോഴാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. ഒരു വർഷം മുൻപാണ് ഇരുവരുടെയും വിവാഹം നടന്നത്. വിവാഹത്തിനുശേഷം ദമ്പതികൾ തമ്മിൽ സ്ഥിരമായി വഴക്കുകൾ ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
ബുധനാഴ്ച രാത്രി വൈകിയും ഇരുവരും തമ്മിൽ തർക്കമുണ്ടായതായി പൊലീസ് വ്യക്തമാക്കി. ഇതിനുശേഷം ഉറങ്ങാൻ പോയ സമയത്താണ് ദീപു ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയത് എന്നാണ് പ്രാഥമിക വിവരം.
അതേസമയം, ഛായ നാല് മാസം ഗർഭിണിയായിരുന്നു എന്നും ഭർതൃവീട്ടുകാർ യുവതിയെ സ്ഥിരമായി ഉപദ്രവിച്ചിരുന്നതായും പെൺകുട്ടിയുടെ അച്ഛൻ ആരോപിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.






