തൃശൂര്‍: ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി.മാട്ടുമലയില്‍ മാക്കോത്ത് വീട്ടില്‍ ഷാരോണിന്റെ ഭാര്യ അര്‍ച്ചനയാണ് (20) മരിച്ചത്.
ബുധനാഴ്ച വൈകിട്ട് നാലുമണിയോടെ വീടിനു പുറകിലെ കോണ്‍ക്രീറ്റ് കാനയിലാണ് മൃതദേഹം കണ്ടെത്തിയത്. വീടിനുള്ളില്‍വച്ച് തീകൊളുത്തിയ ശേഷം പുറത്തേക്ക് ഓടിയതാകാമെന്നാണ് നിഗമനം.
സംഭവത്തില്‍ ഷാരോണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഷാരോണിന്റെ സഹോദരിയുടെ കുട്ടിയെ അങ്കണവാടിയില്‍ നിന്ന് കൊണ്ടുവരാന്‍ ഷരോണിന്റെ അമ്മ പോയിരുന്നു. തിരിച്ചുവന്നപ്പോഴാണ് അര്‍ച്ചനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാവിലെ ഫൊറന്‍സിക് വിദഗ്ധരെത്തി പരിശോധന നടത്തിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. പ്രണയത്തിലായിരുന്ന ഷാരോണും അര്‍ച്ചനയും ആറുമാസം മുന്‍പാണ് വിവാഹിതരായത്.
അര്‍ച്ചന ഭര്‍തൃവീട്ടില്‍ മാനസികവും ശാരീരികവുമായ പീഡനം നേരിട്ടുവെന്ന് കാണിച്ച് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി. വരന്തരപ്പിള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു.






