കൊല്ലം: കുപ്പണയിൽ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ രണ്ട് യുവാക്കളെ മുൻവിരോധത്തിന്റെ പേരിൽ ആക്രമിച്ച കേസിൽ എട്ടുപേരെ അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കടവൂർ സ്വദേശികളായ നവീൻ (33), സുഹൃത്ത് ഡൊമിനിക് (35) എന്നിവരാണ് ആക്രമിക്കപ്പെട്ടത്.
കുപ്പണ പൂർണിമയിൽ അച്ചു അശോക് (36), കടവൂർ കുറ്റിയിൽ വീട്ടിൽ മഹേഷ് (37), മുരുന്തൽ ബി തെങ്ങുവിള കിഴക്കതിൽ സുനീഷ് (36), അയത്തിൽ കാർത്തികയിൽ അരുൺ (45), കടവൂർ ചൂറ്റുവിളയിൽ ശ്യാം (37), വർക്കല ഒറ്റൂർ സുരേന്ദ്രനിവാസിൽ ആദർശ് (26), അയത്തിൽ തോട്ടിൻകര വീട്ടിൽ സൂര്യ അജിത്ത് (23), വടക്കേവിള പുതുമന പുത്തൻവീട്ടിൽ ശ്രീനാഥ് (45) എന്നിവരാണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച ഉച്ചയോടെ കുപ്പണയിലെ ഗ്രന്ഥശാലയ്ക്ക് മുന്നിൽ പ്രതികൾ മുൻകൂട്ടി കാത്തുനിന്നതായാണ് പൊലീസ് പറയുന്നത്. വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ നവീനിനെയും ഡൊമിനിക്കിനെയും കണ്ടതോടെ അച്ചു അശോക് അസഭ്യം വിളിച്ചുകൊണ്ട് വാഹനത്തിൽ നിന്ന് ഇറങ്ങി കമ്പിവടി ഉപയോഗിച്ച് നവീനിനെ ആക്രമിക്കാൻ ശ്രമിച്ചു. ആക്രമണം ഒഴിവാക്കുന്നതിനിടെ ഡൊമിനിക്കിന് പരിക്കേറ്റു.
തുടർന്ന് മറ്റു പ്രതികളും ചേർന്ന് ഇരുവരെയും മർദിച്ചതായും പൊലീസ് അറിയിച്ചു. പ്രതികളെയും ഉപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസിൽ അറസ്റ്റ് ചെയ്തവരെ ശനിയാഴ്ച രാത്രിയോടെ കോടതിയിൽ ഹാജരാക്കി.






