മധ്യപ്രദേശ്:മധ്യപ്രദേശിലെ സത്ന സെൻട്രൽ ജയിലിൽ വിരിഞ്ഞ അസാധാരണമായ ഒരു പ്രണയകഥ ഒടുവിൽ വിവാഹത്തിൽ ശുഭപര്യവസാനിച്ചിരിക്കുകയാണ്. ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് ഫിറോസ ഖാത്തൂനും കൊലക്കേസ് പ്രതിയായി 14 വർഷത്തോളം ജയിൽ ശിക്ഷ അനുഭവിച്ച ധർമേന്ദ്ര സിങ്ങുമാണ് എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് ഒന്നായത്. 2007-ൽ മുൻ നഗരസഭ വൈസ് ചെയർമാനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടാണ് ധർമേന്ദ്ര സിങ് സത്ന ജയിലിലെത്തുന്നത്. ഇതേ കാലയളവിൽ അവിടെ അസിസ്റ്റന്റ് സൂപ്രണ്ടായി ചുമതലയേറ്റ ഫിറോസ ഖാത്തൂന് വാറന്റ് ഇൻ-ചാർജ് ചുമതലയായിരുന്നു ഉണ്ടായിരുന്നത്. ഔദ്യോഗിക കാര്യങ്ങളിൽ ഉദ്യോഗസ്ഥരെ സഹായിച്ചിരുന്ന ധർമേന്ദ്രയും ഫിറോസയും തമ്മിലുള്ള പരിചയം പിന്നീട് സൗഹൃദമായും പ്രണയമായും വളരുകയായിരുന്നു.
നല്ല നടപ്പിനെത്തുടർന്ന് നാല് വർഷം മുൻപ് ധർമേന്ദ്ര ജയിൽ മോചിതനായതോടെയാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചത്. എന്നാൽ വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ട ഇവരുടെ വിവാഹത്തിന് ഫിറോസയുടെ കുടുംബം കടുത്ത എതിർപ്പുമായി രംഗത്തെത്തി. വീട്ടുകാർ വിവാഹത്തിൽ നിന്ന് പൂർണ്ണമായും വിട്ടുനിന്നെങ്കിലും പിന്മാറാൻ ഇരുവരും തയ്യാറായില്ല. ഒടുവിൽ മെയ് അഞ്ചിന് ഛത്തർപൂരിലെ ലവ്കുശ് നഗറിൽ വെച്ച് ഹിന്ദു ആചാരപ്രകാരം ഇവർ വിവാഹിതരായി. വധുവിന്റെ കുടുംബത്തിന്റെ അഭാവത്തിൽ വിശ്വ ഹിന്ദു പരിഷത്ത് ജില്ലാ വൈസ് പ്രസിഡന്റ് രാജ് ബഹാദൂർ മിശ്രയും ഭാര്യയുമാണ് വിവാഹത്തിലെ പ്രധാന ചടങ്ങായ ‘കന്യാദാനം’ നിർവ്വഹിച്ചത്. ബജ്റംഗ് ദൾ പ്രവർത്തകരും വിവാഹ ചടങ്ങുകളിൽ സാക്ഷികളായി പങ്കെടുത്തു. നിയമപാലകയും കുറ്റവാളിയും തമ്മിലുള്ള ഈ അപൂർവ്വ വിവാഹം ഇപ്പോൾ ദേശീയതലത്തിൽ തന്നെ വലിയ ചർച്ചയായി മാറിയിരിക്കുകയാണ്.






