ജോധ്പൂർ: രാജസ്ഥാനിലെ ജോധ്പൂർ ജില്ലയിലെ ഫലോഡി സമീപം സ്വകാര്യ എസി ബസിന് തീപിടിച്ച് 20 പേർ മരിച്ചു. നിരവധി പേർക്ക് ഗുരുതരമായി പൊള്ളലേറ്റു.
ജയ്‌സാൽമീറിൽ നിന്ന് ജോധ്പൂരിലേക്കുള്ള ബസിലാണ് അപകടം നടന്നത്. 57 യാത്രക്കാരെ കയറ്റിയ ബസ് യാത്ര ആരംഭിച്ച് ഏകദേശം 20 മിനിറ്റുകൾക്കുശേഷമാണ് പിൻഭാഗത്ത് നിന്ന് പുക ഉയർന്നത് ശ്രദ്ധയിൽപ്പെട്ടത്. ഡ്രൈവർ ഉടൻ ബസ് നിർത്തി യാത്രക്കാരെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും തീ അതിവേഗം പടർന്നു, മുഴുവൻ ബസും തീയിൽ ആകപ്പെട്ടു.
ഫയർഫോഴ്സും പ്രാദേശികരും ചേർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണച്ചത്. 16 പേർക്ക് പൊള്ളലേറ്റ നിലയിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. മൃതശരീരങ്ങൾ തിരിച്ചറിയാൻ കഴിയാത്ത നിലയിലായതിനാൽ ഡിഎൻഎ പരിശോധന നടത്തുമെന്ന് അധികാരികൾ അറിയിച്ചു. ബസിന്റെ പിൻഭാഗത്ത് ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണു സംശയം.
അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ട് ലക്ഷം രൂപയുടെ ധനസഹായം പ്രഖ്യാപിച്ചു. രാജസ്ഥാനിലെ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ സംഭവസ്ഥലം സന്ദർശിച്ച് രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്തി. രാഷ്ട്രപതി ദ്രൗപതി മുർമു ദുരന്തത്തിൽ ദു:ഖം രേഖപ്പെടുത്തി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനും സുരക്ഷാ വീഴ്ചകളുണ്ടോയെന്ന് പരിശോധിക്കാനുമായി വിദഗ്ധസംഘം നിയോഗിച്ചിട്ടുണ്ട്.






