തിരുവനന്തപുരം: ചിറയിന്‍കീഴില്‍ രണ്ട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നുപേര്‍ക്ക് പരിക്ക്. ആറ്റിങ്ങല്‍-ചിറയിന്‍കീഴ് പാതയില്‍ പുരവൂരിലെ കൊടുംവളവില്‍ വച്ച് ചൊവ്വാഴ്ച രാവിലെ പത്തേകാലോടെ ആയിരുന്നു അപകടം. പരിക്കേറ്റവരെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രില്‍ പ്രവേശിപ്പിച്ചു.
വളവില്‍ നിര്‍ത്തിയിരുന്ന കാറിനെ ഓവര്‍ടേക്ക് ചെയ്തുവന്ന ബസ്, എതിരെ വന്ന മറ്റൊരു ബസില്‍ ഇടിക്കുകയായിരുന്നു. ഇടിയില്‍ നിയന്ത്രണം നഷ്ടമായ എതിരെ വന്ന ബസ് സമീപത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ ഇടിച്ചു കയറുകയും ചെയ്തു. കൊടുംവളവില്‍ കാര്‍ പാര്‍ക്ക് ചെയ്തിരുന്നതും ബസുകളുടെ അമിതവേഗവുമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് വിവരം. അഗ്‌നിരക്ഷാസേനയും ചിറയിന്‍കീഴ് പോലീസും സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിച്ചു.
പ്രദേശത്ത് സ്വകാര്യ ബസുകളുടെ അമിതവേഗതയാണ് അപകടം ഉണ്ടാക്കുന്നതെന്ന് പ്രദേശവാസിയായ പ്രദീപ് പറഞ്ഞു. ഡ്രൈവര്‍മാരില്‍ ഏറെയും യുവാക്കളാണ്. ഇവരുടെ മത്സരയോട്ടമാണ് പ്രശ്‌നം ഉണ്ടാക്കുന്നത്. ഫോണില്‍ സംസാരിച്ച് വാഹനം ഓടിക്കുക, പ്രായമായവര്‍ക്ക് ബസ്സില്‍ കയറാന്‍ സമയം കൊടുക്കാതിരിക്കുക, അസഭ്യം പറയുക തുടങ്ങിയ കാര്യങ്ങളും സ്വകാര്യ ബസിലെ ചില ജീവനക്കാരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്. ആര്‍ടിഒയുടെ ഭാഗത്ത് നിന്നും നടപടി എടുക്കാന്‍ ശ്രമിച്ചാലും ട്രേഡ് യൂണിയന്റെ പിന്തുണയോടെ അവര്‍ ഇതിനെ മറികടക്കും. ഈ പ്രദേശത്ത് അപകടം പതിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.










