തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും സൗജന്യ യാത്ര അനുവദിക്കുന്ന “പ്രിയദർശിനി” പദ്ധതിക്ക് തുടക്കം. പദ്ധതിയുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി ഡി സതീശന്‍ നിർവഹിച്ചു. ഉദ്ഘാടന യാത്ര പാപ്പനംകോഡ് ഡിപ്പോയിലെ ബസിൽ തമ്പാനൂർ മുതൽ പെരുമാതുറ വരെയായിരുന്നു. മന്ത്രിമാരും സംഘവും തമ്പാനൂർ മുതൽ സെക്രട്ടേറിയറ്റ് വരെ യാത്ര ചെയ്തു.
കെഎസ്ആർടിസിയിലെ ആദ്യ വനിതാ ഡ്രൈവർ പെരുമ്പാവൂർ ഡിപ്പോയിലെ ഷീലയാണ് ഉദ്ഘാടന സർവീസ് ഓടിച്ചത്. ബസിലെ കണ്ടക്ടറും വനിതയായിരുന്നു. മുഖ്യമന്ത്രിയടക്കം 20 വിഐപികൾ ഉദ്ഘാടന ബസിൽ യാത്ര ചെയ്തു. തൃശ്ശൂരിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പദ്ധതിക്ക് പച്ചക്കൊടി കാട്ടി.
മൊത്തം 3,125 കെഎസ്ആർടിസി ബസുകളിലാണ് സൗജന്യ യാത്ര ലഭ്യമാക്കുന്നത്. ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ്, ടൗൺ ടു ടൗൺ, ഫെയർ സ്റ്റേജ്, പോയിന്റ് ടു പോയിന്റ്, ഗ്രാമവണ്ടി എന്നീ വിഭാഗങ്ങളിലാണ് പദ്ധതി ബാധകമാകുന്നത്. സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വ്യക്തികൾക്കും യാത്രയ്ക്കായി തിരിച്ചറിയൽ കാർഡോ രജിസ്ട്രേഷനോ ആവശ്യമില്ല. എല്ലാ പ്രായത്തിലുള്ളവർക്കും ഈ സൗകര്യം ലഭിക്കും.
പദ്ധതി നടപ്പാക്കിയതോടെ ഓർഡിനറി ബസുകളിൽ വിദ്യാർത്ഥിനികൾക്ക് പ്രത്യേക കൺസഷൻ ടിക്കറ്റ് വേണ്ടതില്ല. ബസുകളിൽ “പ്രിയദർശിനി സ്ത്രീ സൗജന്യ യാത്ര” എന്ന് എഴുതിയ ബോർഡുകളും സ്റ്റിക്കറുകളും ഉണ്ടായിരിക്കും. ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രഖ്യാപനമായിരുന്നു ഈ പദ്ധതി. തെരഞ്ഞെടുപ്പ് വാഗ്ദാനമായി അവതരിപ്പിച്ച പദ്ധതി ഇപ്പോൾ നടപ്പാക്കുകയാണ്.






