ശ്രീഹരിക്കോട്ട: എസ്എല്‍വി സി 61 വിക്ഷേപണം പരാജയപ്പെട്ടു. ഭൗമ നിരീക്ഷണ ഉപഗ്രഹമായ EOS- 09 ന് ഭ്രമണപഥത്തില്‍ എത്താന്‍ സാധിച്ചില്ല. വിക്ഷേപണത്തിന് ശേഷം മൂന്നാം ഘട്ടത്തിലുണ്ടായ അപ്രതീക്ഷിത പ്രശ്‌നങ്ങളാണ് ദൗത്യം പരാജയപ്പെടാന്‍ കാരണമായത്. ദൗത്യം ലക്ഷ്യം കണ്ടില്ലെന്ന് ഐഎസ്ആര്‍ ഒ ചെയര്‍മാന്‍ ഡോ. വി നാരായണന്‍ അറിയിച്ചു.
പിഎസ്എല്‍വി ദൗത്യം പരാജയപ്പെടുന്നത് അത്യപൂര്‍വമാണ്. ആദ്യ രണ്ട് ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിച്ചെങ്കിലും മൂന്നാം ഘട്ടത്തില്‍ അപ്രതീക്ഷിത പ്രതിസന്ധി നേരിട്ടതാണ് ദൗത്യം പരാജയപ്പെടാന്‍ കാരണം.
ഏതു കാലാവസ്ഥയിലും രാപകല്‍ഭേദമില്ലാതെ ഭൗമോപരിതലത്തിന്റെ വ്യക്തതയാര്‍ന്ന ചിത്രങ്ങള്‍ പകര്‍ത്താന്‍ ശേഷിയുള്ള ഇന്ത്യയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമാണ് ഇഒഎസ്-09. പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (പിഎസ്എല്‍വി) ആണ് ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിക്കാന്‍ ഉപയോഗിച്ചിരുന്നത്.
കൃഷി, വനം, മണ്ണിന്റെ ഈര്‍പ്പം, വെള്ളപ്പൊക്കം എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിനായി സജ്ജമാക്കിയിരുന്ന ഉപഗ്രഹമായിരുന്നു ഇത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നുള്ള ഐഎസ്ആര്‍ഒയുടെ നൂറ്റിയൊന്നാം വിക്ഷേപണ ദൗത്യമായിരുന്നു.






