കോഴിക്കോട്: ബേപ്പൂരിൽ പി.വി. അൻവർ തന്നെയാകും സ്ഥാനാർഥിയെന്ന് കെപിസിസി പ്രസിഡൻറ് സണ്ണി ജോസഫ്. ബേപ്പൂരിൽ പി.വി. അൻവർ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകർ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായാണ് സണ്ണി ജോസഫിന്റെ പ്രതികരണം. ബേപ്പൂർ മണ്ഡലത്തിൽ നിന്ന് പി.വി. അൻവർ എംഎൽഎയായി വിജയിച്ചു വരുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പി.വി. അൻവർ ബേപ്പൂർ മണ്ഡലത്തിൽ അനൗപചാരിക പ്രചാരണം ആരംഭിച്ചു. മുസ്ലിം ലീഗ് നേതാവ് എം.സി. മായിൻ ഹാജി ഉൾപ്പെടെ മണ്ഡലത്തിലെ പ്രമുഖരുമായി അൻവർ നേരിട്ട് കൂടിക്കാഴ്ച നടത്തി പിന്തുണ തേടി. മന്ത്രി മുഹമ്മദ് റിയാസിനെതിരെ അൻവറിലൂടെ ശക്തമായ മത്സരം കാഴ്ചവെക്കാനാകുമെന്നാണ് യുഡിഎഫിന്റെ കണക്കുകൂട്ടൽ.
ഭരണവിരുദ്ധ വികാരം ശക്തമായാൽ അതിന്റെ പ്രതിഫലനം ഉണ്ടാകാൻ സാധ്യതയുള്ള മണ്ഡലങ്ങളിലൊന്നാണ് ബേപ്പൂർ. ഈ സാഹചര്യം അനുകൂലമായി ഉപയോഗപ്പെടുത്താൻ അൻവറിന് കഴിയുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ പി.എ. മുഹമ്മദ് റിയാസ് 28,747 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബേപ്പൂരിൽ വിജയം നേടിയിരുന്നു. എന്നാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പുകളിലും മണ്ഡലത്തിൽ യുഡിഎഫിന് ശ്രദ്ധേയമായ മുന്നേറ്റം നേടാനായിരുന്നു.






