തിരുവനന്തപുരം: വട്ടിയൂർക്കാവിൽ ചുവരെഴുതി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് മുൻ ഡിജിപി ആർ ശ്രീലേഖ. നർമ്മദ കോംപ്ലക്സിന് സമീപത്താണ് ചുവരെഴുത്ത് നടത്തിയത്. വട്ടിയൂർക്കാവ് മണ്ഡലത്തിൽ ആർ ശ്രീലേഖ ബിജെപി സ്ഥാനാർത്ഥിയാകുമെന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. മണ്ഡലത്തിൽ സജീവമായി പ്രവർത്തനം ആരംഭിക്കണമെന്ന് ബിജെപി നേതൃത്വം ശ്രീലേഖയോട് നിർദേശിച്ചിട്ടുണ്ടെന്നാണ് വിവരം.
തദ്ദേശ തിരഞ്ഞെടുപ്പിൽ ശാസ്തമംഗലം വാർഡിൽ നിന്ന് വിജയിച്ച ശ്രീലേഖയ്ക്ക് മേയർ പദവി ലഭിക്കാത്തതിൽ മുമ്പ് പരിഭവം ഉണ്ടായിരുന്നുവെന്നാണ് സൂചന. ഇതിന്റെ ഭാഗമായി വട്ടിയൂർക്കാവിൽ നിയമസഭാ സീറ്റ് നൽകാമെന്ന് പാർട്ടി ഉറപ്പ് നൽകിയിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ഇപ്പോഴത്തെ എംഎൽഎയായ വി.കെ. പ്രശാന്ത് ഇടത് മുന്നണി സ്ഥാനാർത്ഥിയാകുമെന്ന് വ്യക്തമാണെന്ന് വിലയിരുത്തപ്പെടുന്നു. മണ്ഡലം തിരിച്ചുപിടിക്കാൻ കോൺഗ്രസ് കെ. മുരളീധരനെ മത്സരിപ്പിക്കാനൊരുങ്ങുന്നതോടെ വട്ടിയൂർക്കാവിൽ ശക്തമായ ത്രികോണ മത്സരം നടക്കാനാണ് സാധ്യത.






