പത്തനംതിട്ട: പത്തനംതിട്ടയിൽ യുഡിഎഫ് ശക്തമായ മുന്നേറ്റം തുടരുന്നതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ വിശ്വസ്തനായ സ്ഥാനാർത്ഥിക്ക് വിജയം. പത്തനംതിട്ട ഏറത്ത് പഞ്ചായത്ത് ആറാം വാർഡായ കിളിവയലിൽ യുഡിഎഫ് സ്ഥാനാർത്ഥി റിനോ പി. രാജൻ 240 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
പത്തനംതിട്ട നഗരസഭയിലെ പതിനാറാം വാർഡിൽ 248 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് വിമതനായ ബിബിൻ ബേബി വിജയിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥിയും നിലവിലെ പ്രതിപക്ഷ നേതാവുമായ ജാസിം കുട്ടിയെയാണ് ബിബിൻ പരാജയപ്പെടുത്തിയത്.
അതേസമയം, അടൂർ നഗരസഭയിലെ എട്ടാം വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥിയായ ഫെന്നി നൈനാൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇവിടെ ബിജെപി സീറ്റ് നിലനിർത്തി. രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് ഫെന്നി നൈനാനെതിരേ ഗുരുതര ആരോപണങ്ങളും നേരത്തെ ഉയർന്നിരുന്നു.






