തിരുവനന്തപുരം: സംസ്ഥാനത്തെ റെയിൽവേ സ്റ്റേഷനുകളിലെ വാഹന പാർക്കിംഗ് സേവന മേഖലയിൽ നടത്തിയ പരിശോധനയിൽ 7.56 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയതായി സംസ്ഥാന ചരക്കുസേവന നികുതി വകുപ്പ്. സെപ്റ്റംബർ 16ന് ഇന്റലിജൻസ് ആൻഡ് എൻഫോഴ്സ്മെന്റ് വിഭാഗങ്ങൾ സംയുക്തമായാണ് പരിശോധന നടത്തിയത്.
കേരളത്തിലെ റെയിൽവേ പരിസരങ്ങളിൽ വാഹന പാർക്കിംഗ് സേവനം നൽകുന്ന 22 നികുതിദായകരുടെ പ്രധാന വ്യാപാരസ്ഥലങ്ങൾ, വസതികൾ, അധിക വ്യാപാരസ്ഥലങ്ങൾ എന്നിവയുൾപ്പെടെ 69 ഇടങ്ങളിലാണ് പരിശോധന നടന്നത്.
പരിശോധനയിൽ നികുതിദായകർ റിട്ടേണുകളിൽ രേഖപ്പെടുത്തിയ ടേൺഓവർ യഥാർഥ സേവനങ്ങളിൽ നിന്നുള്ള വരുമാനത്തേക്കാൾ ഗണ്യമായി കുറവാണെന്ന് കണ്ടെത്തിയതായി വകുപ്പ് അറിയിച്ചു. ഒന്നിലധികം ക്യുആർ കോഡുകൾ ഉപയോഗിച്ചുള്ള പണമിടപാടുകളും കണ്ടെത്തിയിട്ടുണ്ട്. പ്രാഥമിക പരിശോധനയിൽ 42 കോടി രൂപയുടെ ടേൺഓവർ വെട്ടിപ്പും 7.56 കോടി രൂപയുടെ നികുതി വെട്ടിപ്പും കണ്ടെത്തിയതായാണ് ജിഎസ്ടി വകുപ്പ് വ്യക്തമാക്കുന്നത്.
13 നികുതിദായകരുടെ വ്യാപാര ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ സോഫ്റ്റ്വെയറിൽ നിന്നും മറ്റ് നികുതിദായകരുടെ വിവരങ്ങൾ ബുക്കുകൾ, രജിസ്റ്ററുകൾ, മൊബൈൽ ചാറ്റുകൾ എന്നിവയിൽ നിന്നുമാണ് ശേഖരിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.
ഇതിന് പുറമെ കെഎസ്ആർടിസി, ആശുപത്രികൾ, മാളുകൾ, തിയേറ്ററുകൾ എന്നിവിടങ്ങളിലെ ആയിരത്തിലധികം വാഹന പാർക്കിംഗ് സേവനങ്ങളുടെ വിവരങ്ങളും സംസ്ഥാന ജിഎസ്ടി ഇന്റലിജൻസ് വിഭാഗം ശേഖരിച്ചിട്ടുണ്ട്.
നികുതി വെട്ടിപ്പ് നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ പരിശോധനയും തുടർനടപടികളും ശക്തമായി തുടരുമെന്ന് സംസ്ഥാന ചരക്കുസേവന നികുതി കമ്മീഷണർ അറിയിച്ചു. നികുതി വെട്ടിപ്പ് സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് inform.sgst@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ രഹസ്യമായി അറിയിക്കാമെന്നും വകുപ്പ് അറിയിച്ചു.


