തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ നാളെ 4 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി , തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട് ആണ് നാളെ പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ ഒറ്റപ്പെട്ട ഇടിമിന്നലോടെ അതിശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്.
അലെർട്ടിന് പുറമെ ഉരുൾ പൊട്ടൽ ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിലടക്കം കനത്ത ജാഗ്രത വേണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അതേസമയം മധ്യ കിഴക്കൻ അറബിക്കടലിൽ കർണാടക തീരത്തിനു മുകളിലായി 21ാം തീയതിയോടെ ചക്രവാതച്ചുഴി രൂപപ്പെട്ട് 22ന് ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരത്ത് ഇന്നു മുതൽ 20 വരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.






