തിരുവനന്തപുരം: ലോക പാരിസ്ഥിതിക ദിനത്തോടനുബന്ധിച്ചു രാജ്ഭവനിൽ സംഘടിപ്പിച്ച പരിപാടിയിൽ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്താൻ ആവശ്യപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി രാജ്ഭവൻ. രാജ്ഭവനിൽ നടക്കുന്ന പരിപാടി എങ്ങനെ നടത്തണമെന്ന് തീരുമാനിക്കുന്നത് ഗവർണറാണ്. പരിപാടി ഇവിടെ നടത്തണമെന്ന് സർക്കാർ ഇങ്ങോട്ടാണ് ആവശ്യപ്പെട്ടതെന്ന് രാജ്ഭവൻ വിശദീകരിച്ചു. ഭാരതാംബയുടെ ചിത്രം മാറ്റണമെന്ന് ഇന്നലെ വൈകിട്ട് സർക്കാർ ആവശ്യപ്പെട്ടത്. എന്താണ് ചിത്രത്തിന് കുഴപ്പമെന്ന് രാജ്ഭവൻ ചോദിച്ചു. അതിന് സർക്കാർ മറുപടി നൽകിയില്ല എന്നും അതുകൊണ്ടാണ് ചിത്രം മാറ്റേണ്ട എന്ന് തീരുമാനിച്ചതെന്നും വിശദീകരണത്തിൽ പറയുന്നു.
രാജ്ഭവനിൽ പരിപാടി നടത്തണമെങ്കിൽ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്നും ദീപം തെളിയിക്കണമെന്നുമായിരുന്നു രാജ്ഭവന്റെ നിർദേശം. എന്നാൽ സർക്കാർ പരിപാടിയിൽ ഇത്കൃ ഉൾപ്പെടുത്താനാവില്ലെന്ന് കൃഷി മന്ത്രിയുടെ ഓഫീസ് രാജ്ഭവനെ അറിയിച്ചു. എന്നാൽ പരിപാടി നടത്തണമെങ്കിൽ ഇത് നിർബന്ധമെന്ന് രാജ്ഭവൻ നിലപാടെടുത്തു. അതോടെയാണ് കൃഷിവകുപ്പ് പരിപാടി രാജ്ഭവനിൽ നിന്നു തന്നെ മാറ്റിയത്.
ആർഎസ്എസ് ഉപയോഗിക്കുന്ന ഭാരതാംബയുടെ ചിത്രത്തിലുള്ളതല്ല യഥാർത്ഥ ഇന്ത്യൻ ഭൂപടമെന്നും, സർക്കാർ പരിപാടിയിൽ അവ ഉപയോഗിക്കാൻ സാധിക്കില്ല എന്നതുകൊണ്ടുമാണ് പരിസ്ഥിതിദിന പരിപാടി മാറ്റിയതെന്നും കൃഷി മന്ത്രി പി പ്രസാദ് പിന്നീട് വ്യക്തമാക്കി. ഒരു സർക്കാർ പരിപാടിയിൽ ആ ചിത്രം ഉപയോഗിക്കുന്നത്, ഭരണഘടനാപരമായി ശരിയല്ല. ആ രീതിയോട് പൊരുത്തപ്പെടാൻ കഴിയില്ല. അതുകൊണ്ട് വിയോജിപ്പ് രാജ്ഭവനെ അറിയിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ബാഹ്യ ശക്തികൾ രാജ്ഭവനെ നിയന്ത്രിക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തിന്റെ അപകടകരമായ അവസ്ഥയെയാണ് കാണിക്കുന്നത്. രാജ്ഭവൻ സങ്കുചിത രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് വേദിയാകാൻ പാടില്ല. ഗവർണർ ഇത്തരം പ്രവർത്തനങ്ങൾ നടത്താനും പാടില്ല. സത്യപ്രതിജ്ഞയ്ക്കും കേരളപ്രഭ, കേരളശ്രീ പോലുള്ള പുരസ്കാരദാന ചടങ്ങിലും ഈ ചിത്രമുണ്ടായിരുന്നില്ല. പിന്നെ എന്തിനാണ് ഈ പരിപാടിക്ക് ചിത്രം നിർബന്ധമാക്കിയിരുന്നത് എന്നും മന്ത്രി ചോദിച്ചു. രാജ്ഭവന്റെത് അങ്ങേയറ്റത്തെ മോശം രീതിയാണെന്നും മതനിരപേക്ഷ ഭാരതത്തിന് ഇത് നല്ല സന്ദേശമല്ല നൽകുന്നതെന്നും മന്ത്രി പറഞ്ഞു.






