മുള്ളൻപൂര്‍: രഞ്ജി ട്രോഫി ക്രിക്കറ്റിലെ എലൈറ്റ് ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ പഞ്ചാബിന് കേരളത്തിനെതിരെ മികച്ച തുടക്കം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 94 റൺസ് നേടി. ഹർനൂർ സിംഗ് 44 റൺസോടെ, ഉദയ് ശരൺ 20 റൺസോടെ ക്രീസിൽ തുടരുകയാണ്. 23 റണ്‍സെടുത്ത പ്രഭ്‌സിമ്രാൻ സിംഗിന്‍റെ വിക്കറ്റാണ് പഞ്ചാബിന് ആദ്യ സെഷനില്‍ നഷ്ടമായത്. ബാബ പരാജിതിനാണ് വിക്കറ്റ്.
ഓപ്പണിംഗ് കൂട്ടുകെട്ട് പ്രഭ്‌സിമ്രാനും ഹർനൂർ സിംഗും 52 റൺസ് നേടി പഞ്ചാബിന് മികച്ച തുടക്കം നൽകിയിരുന്നു. 47 പന്തിൽ മൂന്ന് ബൗണ്ടറികൾ അടിച്ച പ്രഭ്‌സിമ്രാനെ ബാബ അപരാജിത് പുറത്താക്കി. എന്നാല്‍ ഹര്‍നൂര്‍ സിംഗിനൊപ്പം രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഉദയ് ശരൺ കൂടുതല്‍ നഷ്ടങ്ങളില്ലാതെ പഞ്ചാബിന്‍റെ ആദ്യ സെഷന്‍ അവസാനിപ്പിച്ചു.
ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരയിൽ പങ്കെടുക്കുന്നതിനാൽ സഞ്ജു സാംസൺ ഇന്ന് കേരള പ്ലേയിംഗ് ഇലവനിലില്ല. സഞ്ജുവിന് പകരം കേരള ക്രിക്കറ്റ് ലീഗിൽ തിളങ്ങിയ അഹമ്മദ് ഇമ്രാൻ ടീമിൽ ചേർക്കപ്പെട്ടിട്ടുണ്ട്. ആദ്യമത്സരത്തിൽ കളിച്ച ഏദൻ ആപ്പിള്‍ടോമിന് പകരം വത്സൽ ഗോവിന്ദും ടീമിലെത്തി. മഹാരാഷ്ട്രക്കെതിരായ ആദ്യ മത്സരത്തിൽ സമനില നേടി കേരളം ഒരു പോയിൻറ് നേടിയിട്ടുണ്ട്.




