ന്യൂഡൽഹി: റൈഡ്-ഹെയ്‌ലിംഗ് പ്ലാറ്റ്ഫോമായ ‘റാപ്പിഡോ’യ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി (CCPA). അന്യായമായ വ്യാപാര രീതികളും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും ഉപഭോക്താക്കളെ അധിക തുക നൽകാൻ പ്രേരിപ്പിക്കുന്ന ‘ഡാർക്ക് പാറ്റേണുകളും’ ഉപയോഗിച്ചെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി.
റാപ്പിഡോയുടെ നടത്തിപ്പുകാരായ റോപ്പൻ ട്രാൻസ്പോർട്ടേഷൻ സർവീസസ് പ്രൈവറ്റ് ലിമിറ്റഡിനെതിരെയാണ് നടപടി. ഇന്ത്യയിലെ ക്യാബ്, ബൈക്ക്-ടാക്സി അഗ്രിഗേറ്റർ പ്ലാറ്റ്‌ഫോമുകളിൽ നടത്തിയ പരിശോധനയുടെ ഭാഗമായാണ് നടപടി സ്വീകരിച്ചതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.
യാത്ര ബുക്ക് ചെയ്യുന്നതിനിടെ ഉപഭോക്താക്കളോട് അധിക തുക നൽകാൻ പ്രേരിപ്പിക്കുന്ന സന്ദേശങ്ങൾ റാപ്പിഡോ ആപ്പിൽ പ്രദർശിപ്പിച്ചിരുന്നതായി പരിശോധനയിൽ കണ്ടെത്തിയതായി CCPA വ്യക്തമാക്കി. “കൂടുതൽ തുക നൽകിയാൽ റൈഡ് ലഭിക്കാനുള്ള സാധ്യത കൂടും”, “+10, +20, +30 എന്നിങ്ങനെ അധിക തുക ചേർത്ത് നോക്കൂ” തുടങ്ങിയ സന്ദേശങ്ങളാണ് കണ്ടെത്തിയത്.
ആദ്യം ഒരു നിരക്ക് കാണിച്ച് യാത്ര ബുക്ക് ചെയ്യാൻ അനുവദിച്ച ശേഷം, ഡ്രൈവർ ആ നിരക്ക് സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അധിക തുക നൽകാൻ ആവശ്യപ്പെടുന്ന രീതിയാണ് CCPA പരിശോധിച്ചത്. കൂടുതൽ പണം നൽകിയാൽ മാത്രമേ വേഗത്തിൽ റൈഡ് ലഭിക്കൂ എന്ന ധാരണ ഇത് ഉപഭോക്താക്കളിൽ സൃഷ്ടിക്കുന്നതായി അതോറിറ്റി വിലയിരുത്തി.
2023ലെ ഡാർക്ക് പാറ്റേൺ മാർഗനിർദ്ദേശങ്ങൾ പ്രകാരം ഈ രീതിയെ ‘കൺഫേം ഷേമിംഗ്’ എന്ന ഡാർക്ക് പാറ്റേണായി CCPA വിശേഷിപ്പിച്ചു. അധിക തുക നൽകാൻ തയ്യാറാകാത്ത പക്ഷം റൈഡ് നഷ്ടപ്പെടുമെന്ന സമ്മർദം ഉപഭോക്താക്കളിൽ ഉണ്ടാക്കുന്നതാണ് ഇതിലൂടെ സംഭവിക്കുന്നതെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി.
റാപ്പിഡോയുടെ ‘സെറ്റ് യുവർ പ്രൈസ്’ സംവിധാനവും CCPA പരിശോധിച്ചു. യാത്രയുടെ ദൂരം, സമയം, ഗതാഗതക്കുരുക്ക്, ടോൾ, ഡ്രൈവർക്കുള്ള പ്രതിഫലം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് ബുക്കിംഗ് സമയത്ത് നിരക്ക് നിശ്ചയിക്കുന്നതെന്ന് അതോറിറ്റി വ്യക്തമാക്കി. അതിനുശേഷം അതേ യാത്രയ്ക്ക് അധിക തുക നൽകാൻ ആവശ്യപ്പെടുന്നതിന് മതിയായ ന്യായീകരണമില്ലെന്നും CCPA നിരീക്ഷിച്ചു.
യാത്രയ്ക്ക് മുമ്പുള്ള ടിപ്പിംഗ് സംവിധാനവും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചു. ടിപ്പ് സാധാരണയായി ഉപഭോക്താവ് സ്വമേധയാ നൽകുന്നതാണെന്നും സേവനം ലഭിക്കുന്നതിനുള്ള നിബന്ധനയായി അത് അവതരിപ്പിക്കാൻ പാടില്ലെന്നും CCPA വ്യക്തമാക്കി. ടിപ്പുമായി ബന്ധപ്പെട്ട് റാപ്പിഡോ നൽകിയ വിശദീകരണങ്ങൾ അതോറിറ്റി തള്ളിയതായും അറിയിച്ചു.
അതേസമയം, 2023ലെ ഡാർക്ക് പാറ്റേൺ മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് ആവശ്യപ്പെട്ട് ഊബർ, ഓല, റാപ്പിഡോ, നമ്മ യാത്രി എന്നീ പ്ലാറ്റ്‌ഫോമുകൾക്കും CCPA നോട്ടീസ് നൽകിയിട്ടുണ്ട്. ഊബറിനെയും ഓലയെയും സംബന്ധിച്ച പരിശോധന തുടരുകയാണെന്നും അതോറിറ്റി അറിയിച്ചു.
ഉപഭോക്താക്കളെ സ്വാധീനിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്ത് സാധാരണ സാഹചര്യത്തിൽ അവർ എടുക്കാത്ത തീരുമാനങ്ങളിലേക്ക് നയിക്കുന്ന ഉപയോക്തൃ ഇന്റർഫേസ് രൂപകൽപ്പനകളെയാണ് ‘ഡാർക്ക് പാറ്റേണുകൾ’ എന്ന് വിശേഷിപ്പിക്കുന്നത്.


