കൊച്ചി: റിപ്പോർട്ടർ ടി വി ന്യൂസ് ഡെസ്കിലെ പൊലീസ് ഗുണ്ടായിസത്തിൽ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി കെ ടി ജലീൽ. മാധ്യമങ്ങളുടെ ന്യൂസ് ഡസ്ക് വരെ എത്തിയോ പൂക്കി പൊലീസിൻ്റെ ഇടപെടൽ എന്ന് കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ പത്തുവർഷം കാണാത്തതും കേൾക്കാത്തതുമാണ് സർവ്വമേഖലകളിലും കാണുന്നതും കേൾക്കുന്നതുമെന്നും അദ്ദേഹം വിമർശിച്ചു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഇത്തരം വാർത്തകൾ നാം കേട്ടിട്ടുള്ളത്. ക്യാമറക്കണ്ണുകൾ നോക്കിനിൽക്കെ വെടിവെച്ച് കൊല്ലൽ, മാധ്യമസ്ഥാപനങ്ങളുടെ വായടപ്പിക്കൽ, മാധ്യമപ്രവർത്തകരെ കൈകാര്യം ചെയ്യൽ, മാധ്യമങ്ങളെ ഭീഷണിപ്പെടുത്തൽ, മാധ്യമ പ്രവർത്തകരുടെ വീടുകൾ ഇടിച്ചു നിരത്തൽ, പേരുചോദിച്ച് ജേർണലിസ്റ്റുകളെ ഭേദ്യം ചെയ്യൽ, ഇവയൊക്കെ കേരളത്തിലേക്കും പറിച്ചുനട്ടു തുടങ്ങുന്നതിൻ്റെ സൂചനയാണോ ന്യൂസ് ഡസ്കിൽ പോലീസെത്തിയ സംഭവമെന്നും ജലീൽ ചോദിച്ചു. ഇന്ന് റിപ്പോർട്ടറിനെ തേടിയെത്തി. നാളെ അവർ നിങ്ങളെയും തേടിയെത്തുമെന്നും ജലീൽ മുന്നറിയിപ്പ് നൽകി.












