ലണ്ടൻ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യുടെ ലണ്ടനിലെ പരിപാടി സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് റദ്ദാക്കി. മെട്രോപൊളിറ്റൻ പൊലീസ് ഇടപെട്ടതിനെ തുടർന്നാണ് സംഘാടകർ പരിപാടി റദ്ദാക്കിയത്. വിജയ്‌യെ കാണാനായി നൂറുകണക്കിന് ആരാധകർ ദി ഷാർഡിന് സമീപം എത്തിയിരുന്നു. മണിക്കൂറുകളോളം കാത്തുനിന്ന ആരാധകർക്ക് പരിപാടി റദ്ദാക്കിയ നടപടി നിരാശയായി.
പൊതുജന സുരക്ഷ കണക്കിലെടുത്താണ് പരിപാടി റദ്ദാക്കിയതെന്ന് വിജയ്‌യുടെ സംഘത്തിലെ അംഗം അറിയിച്ചു. സുരക്ഷാ പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ പരിപാടിക്ക് അനുമതി ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തമിഴ്നാട്ടിലേക്ക് നിക്ഷേപം ആകർഷിക്കുന്നതിന്റെ ഭാഗമായാണ് വിജയ് യുകെയിലെത്തിയത്. കഴിഞ്ഞ ദിവസം 12,300 കോടി രൂപയുടെ നാല് നിക്ഷേപ കരാറുകളിൽ ഒപ്പുവെച്ചതായി തമിഴ്നാട് സർക്കാർ അറിയിച്ചു. ഇതിലൂടെ സംസ്ഥാനത്ത് ഏകദേശം 9,000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് സർക്കാർ അറിയിപ്പ്.
യുകെ സന്ദർശനത്തിനിടെ വിജയ് സിൽവർസ്റ്റോൺ റേസിംഗ് സർക്യൂട്ടും സന്ദർശിച്ചിരുന്നു. തമിഴ് നടനും റേസറുമായ അജിത് കുമാർ പങ്കെടുത്ത റേസിംഗ് മത്സരത്തിന് വിജയ് ഫ്ലാഗ് ഓഫ് ചെയ്തു. തമിഴ്നാട്ടിൽ ലോകോത്തര നിലവാരത്തിലുള്ള മോട്ടോർ സ്പോർട്സ് സിറ്റി നിർമിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് സന്ദർശനം. യുകെ സന്ദർശനം പൂർത്തിയാക്കി വിജയ് ഇന്ന് ഇന്ത്യയിലേക്ക് മടങ്ങും.


