കോട്ടയം: ലോകപ്രശസ്തമായ ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ പടിഞ്ഞാറെ ഗോപുരത്തിലുള്ള അപൂർവ്വ ചുവർചിത്രങ്ങൾ സംരക്ഷിക്കുന്നതിനുള്ള നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവന്റെ പ്രത്യേക താൽപ്പര്യപ്രകാരം 56 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ആറന്മുള വാസ്തുവിദ്യ ഗുരുകുലത്തിലെ വിദഗ്ധരുടെ മേൽനോട്ടത്തിൽ നിയോഗിക്കപ്പെട്ട പ്രത്യേക കലാകാരന്മാരാണ് സംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പച്ചിലകൾ ഉപയോഗിച്ചുള്ള പ്രകൃതിദത്ത നിറക്കൂട്ടുകൾ മങ്ങാത്ത വിധം ചിത്രങ്ങൾ തെളിയിച്ചെടുക്കുന്നതിനൊപ്പം, ഭിത്തിയിലെ തേപ്പ് ബലപ്പെടുത്തുന്ന ജോലികളും നടന്നു വരുന്നു.
പ്രാചീന ദ്രാവിഡ കലയുടെ പിൽക്കാല അനുബന്ധങ്ങളായ ഈ ചുവർചിത്രങ്ങൾ കേരളത്തിലെ അപൂർവ്വം ക്ഷേത്രങ്ങളിൽ മാത്രം കാണപ്പെടുന്നവയാണ്. ഗോപുര ഭിത്തിയുടെ അകത്തും പുറത്തുമായി വരച്ചിട്ടുള്ള ചിത്രങ്ങളിൽ ഏറ്റവും ശ്രദ്ധേയം വിശ്വപ്രസിദ്ധമായ ‘ശിവതാണ്ഡവ’മാണ്.
തറയിൽ കിടക്കുന്ന അസുരന്റെ മേൽ പരമശിവൻ നടത്തുന്ന ബ്രഹ്മാണ്ഡ താണ്ഡവവും, ഇതിനൊപ്പം വീണ വായിക്കുന്ന സരസ്വതി, ഓടക്കുഴലൂതുന്ന ദേവേന്ദ്രൻ, താളം പിടിക്കുന്ന ബ്രഹ്മാവ്, മിഴാവ് വായിക്കുന്ന വിഷ്ണു, പാട്ടുപാടുന്ന ലക്ഷ്മി ദേവി എന്നിവരും മുനിമാരും അടങ്ങുന്ന ശില്പചാരുതിയുള്ള ചിത്രങ്ങളാണ് സംരക്ഷിക്കപ്പെടുന്നത്. ചരിത്രപരമായും കലാപരമായും ഏറെ പ്രാധാന്യമുള്ള ഈ ചിത്രങ്ങൾ പുതിയ തലമുറയ്ക്കായി തനിമ ചോരാതെ നിലനിർത്തുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.




