തിരുവനന്തപുരം: മധ്യവേനൽ അവധിക്കുശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചു. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് തിരുവനന്തപുരം പട്ടം ഗവ. ഗേൾസ് എച്ച്എസ്എസിൽ നടന്നു. ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. 2026–27 അധ്യയന വർഷത്തെ സ്കൂൾ കലണ്ടറും പ്രകാശനം ചെയ്തു.
പ്രവേശനോത്സവ ചടങ്ങിൽ സംസാരിച്ച മുഖ്യമന്ത്രി, തന്റെ കുട്ടിക്കാല ഓർമ്മകൾ പങ്കുവെച്ചു. പഠനകാലത്ത് വീട്ടിൽ നിന്ന് ആരും സ്കൂളിലോ കോളേജിലോ എത്തിയിരുന്നില്ലെന്നും ചില കുസൃതികൾ നടത്തിയപ്പോൾ അധ്യാപകർ വീട്ടിൽ നിന്ന് ആളെ വിളിക്കണമെന്ന് പറഞ്ഞിരുന്നെങ്കിലും അതൊക്കെ താൻ തന്നെ കൈകാര്യം ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മാതാപിതാക്കളും അധ്യാപകരും തമ്മിലുള്ള സഹകരണം വിദ്യാഭ്യാസ പുരോഗതിക്ക് നിർണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
വിദ്യാഭ്യാസ മേഖല വേഗത്തിൽ മാറുന്ന കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള സാങ്കേതികവിദ്യകൾ അറിവിന്റെ സ്വഭാവം മാറ്റുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികൾ വായനയിലൂടെയും പഠനത്തിലൂടെയും ജിജ്ഞാസ വളർത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മയക്കുമരുന്നിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ, സംസ്ഥാനത്ത് യൂണിഫോം വിതരണവും പുസ്തക വിതരണവും പൂർത്തിയായതായി അറിയിച്ചു. വിദ്യാഭ്യാസ മേഖല കാലാനുസൃതമായി പരിഷ്കരിക്കപ്പെടേണ്ടതുണ്ടെന്നും കുട്ടികൾക്ക് ഏറ്റവും പുതിയ അറിവുകൾ നൽകുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ വിദ്യാഭ്യാസ രംഗം കൂടുതൽ ശക്തിപ്പെടുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, മലപ്പുറം തിരൂരങ്ങാടിയിൽ പ്രവേശനോത്സവം മുടങ്ങിയതായി റിപ്പോർട്ട്. ബിആർസിയിൽ നിന്നുള്ള അധ്യാപകർ എത്താത്തതിനെ തുടർന്ന് കാളന്തുരുത്തി ബദൽ വിദ്യാലയത്തിൽ പ്രവേശനോത്സവം നടക്കാനായില്ല. മണിക്കൂറുകൾ കാത്തുനിന്ന ശേഷം വിദ്യാർത്ഥികൾ നിരാശരായി മടങ്ങിപ്പോയതായി അറിയുന്നു.






