ഒരു പ്രതിഷേധത്തിനും കീഴടങ്ങാതെ അധികാരത്തിന്റെ ഉരുക്കുമുഷ്ടികൊണ്ട് എല്ലാ കാലത്തും ജനങ്ങളെ അടിച്ചമർത്തി ഭരിക്കാമെന്ന അഹങ്കാരത്തിൽ വാണിരുന്ന മോദി സർക്കാരിന്റെ ധാർഷ്ട്യത്തെ കനത്ത പ്രഹരം കൊണ്ട് തിരുത്തിയിരിക്കുകയാണ് പാറ്റകളെന്ന് പറഞ്ഞുകൊണ്ട് അധിക്ഷേപിച്ച ഒരു പറ്റം യുവജനങ്ങൾ. തല്ലിയാലും കൊന്നാലും പ്രക്ഷോഭത്തിൽ നിന്ന് പിന്മാറില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചപ്പോൾ വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന് രാജിവെച്ചു പടിയിറങ്ങേണ്ടതായി വന്നു.
അനേകം വിദ്യാർഥികളെ ആത്മഹത്യയിലേക്ക് തള്ളിവിട്ട അഴിമതിക്കും നിരുത്തരവാദിത്വത്തിനും ഉത്തരം പറയാനുള്ള ബാധ്യത ഭരിക്കുന്നവർക്കുണ്ടെന്ന് അധികാരത്തിന്റെ അഹന്ത ബാധിച്ച സർക്കാരിന്റെ കണ്ണ് തുറപ്പിച്ചിരിക്കുന്നത് ഈ ജെൻ-സീ ആണ്. പൗരത്വ പ്രക്ഷോഭമടക്കം ജനകീയ സമരങ്ങളെ തെരുവിലും തുറുങ്കിലും അടിച്ചമർത്തിയ സർക്കാരിനെ വെല്ലുവിളിച്ചുകൊണ്ട് വിപ്ലവവീര്യം വീണ്ടെത്തിരിക്കുകയാണ് ഈ യുവശക്തി. ജനാധിപത്യ സംവിധാനത്തിൽ ഭരണാധികാരികൾ ജനങ്ങളോട് ഉത്തരവാദികളായിരിക്കണം. അത് മറന്നുകൊണ്ട് അടിച്ചമർത്തൽ നയം തുടരുമ്പോൾ ജനകീയ പ്രക്ഷോഭങ്ങൾ ചരിത്രത്തിന്റെ ഗതിതന്നെ തിരുത്താറുണ്ട്. അത്തരം ചരിത്രങ്ങൾ ഇനിയുമുണ്ട് ഏറെയും.
ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രം പരിശോധിച്ചാൽ വിദ്യാർത്ഥി സമൂഹം നടത്തിയ ഇത്തരം നിരവധിയായ ഇടപെടലുകൾ താളുകളിൽ അടയാളപ്പെട്ടവയാണ്. ഭാഷാനയം മുതൽ വിദ്യാഭ്യാസം, അഴിമതി വിരുദ്ധ സമരങ്ങൾ, ഭരണപരിഷ്കാരങ്ങൾ, കുടിയേറ്റ നയം, ജനാധിപത്യ സംരക്ഷണം അടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതി തന്നെ മാറ്റി മറച്ചിട്ടുണ്ട്. ഇന്ത്യയിൽ ഭരണകൂടങ്ങളെ മുൾമുനയിൽ നിർത്തിയ ജനകീയ ഇടപെടലുകളിൽ വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെ പങ്ക് ഏറെയും പ്രാധാന്യമുള്ളതാണ്.
സ്വാതന്ത്ര്യലബ്ദിക്ക് മുമ്പ് ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരായ ദേശീയ വിമോചന സമരത്തിന്റെ മുന്നണിപ്പോരാളികളായിരുന്നു വിദ്യാർത്ഥികൾ. 1905-ൽ വൈസ്രോയി ആയിരുന്ന ലോർഡ് കർസൺ ബംഗാളിനെ വിഭജിച്ചതോടെയാണ് ഇന്ത്യയിലെ സംഘടിത വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെ പുതിയ അധ്യായം ആരംഭിക്കുന്നത്. ഇതിനെതിരെ ക്ലാസ്സ്മുറികൾ വിട്ട് വിദ്യാർത്ഥികൾ തെരുവിലേക്കിറങ്ങി. വിദ്യാർത്ഥി പ്രക്ഷോപം ബ്രിട്ടീഷ് ഭരണകൂടത്തിനുമേൽ വലിയ രാഷ്ട്രീയ സമ്മർദ്ദം സൃഷ്ടിച്ചു. ഈ പശ്ചാത്തലത്തിൽ 1911-ൽ ബംഗാൾ വിഭജനം റദ്ദാക്കി. പിന്നീട് 1936-ൽ ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് ഫെഡറേഷൻ ഇന്ത്യയിലെ ആദ്യ ദേശീയ വിദ്യാർത്ഥി സംഘടനയായി. പത്തൊമ്പതാം വയസ്സിൽ ‘ഇങ്ക്വിലാബ് സിന്ദാബാദ്’ വിളിച്ച് ബ്രിട്ടീഷ് കഴുമരത്തിൽ ജീവൻ ഹോമിച്ച ഹേമു കലാനി ഇന്ത്യൻ സ്വാതന്ത്ര സമരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷികളിൽ ഒരാളായിരുന്നു.
സ്വാതന്ത്ര്യാനന്തരം വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെ സ്വഭാവത്തിൽ വലിയ മാറ്റമുണ്ടായി. അവയുടെ പ്രധാനലക്ഷ്യം ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരുകളെ ഉത്തരവാദിത്വങ്ങൾ ഓർമ്മിപ്പിക്കുന്ന തിരുത്തൽ ശക്തിയാവുക എന്നതായിരുന്നു. സ്വതന്ത്ര ഇന്ത്യ അടയാളപ്പെടുത്തിയിട്ടുള്ള ഏറ്റവും സ്വാധീനമുള്ള വിദ്യാർത്ഥി പ്രക്ഷോഭങ്ങളിലൊന്നാണ് തമിഴ്നാട്ടിൽ 1965ൽ നടന്ന ഹിന്ദി വിരുദ്ധസമരം. വിദ്യാർത്ഥികൾ നയിച്ച സമരം തമിഴ്നാട്ടിൽ ഉടനീളം വ്യാപിക്കുകയും പൊലീസ് വെടിവയ്പ്പ് ഉൾപ്പെടെയുള്ള അക്രമസംഭവങ്ങൾക്ക് വഴിവെയ്ക്കുകയും ചെയ്തു.
ഒടുവിൽ വിദ്യാർത്ഥി പ്രക്ഷോഭത്തിന് മുന്നിൽ സർക്കാർ മുട്ടുകുത്തി. ഈ സമരം ഭാഷാനയം മാത്രമല്ല തമിഴ്നാട്ടിലെ രാഷ്ട്രീയവും മാറ്റിമറിച്ചു. കോൺഗ്രസിന്റെ ദീർഘകാല ആധിപത്യം അവസാനിക്കുകയും ദ്രാവിഡ പാർട്ടികളുടെ കാലഘട്ടം ആരംഭിക്കുകയും ചെയ്തു. 1968-ൽ ഡിഎംകെ സർക്കാർ കേന്ദ്രത്തിന്റെ ത്രിഭാഷാ നയം തള്ളിക്കളയുകയും, തമിഴും ഇംഗ്ലീഷും മാത്രം ഉൾപ്പെടുന്ന ദ്വിഭാഷാ നയം സംസ്ഥാനത്ത് ഔദ്യോഗികമായി നടപ്പിലാക്കുകയും ചെയ്തു. ഗുജറാത്തിലെ ഒരു എഞ്ചിനീയറിങ് കോളേജിലെ മെസ് ഫീസ് വർധനവിനെതിരെ വിദ്യാർത്ഥികൾ സമരം പ്രഖ്യാപിച്ചു. തികച്ചും ചെറിയ സമരമായി അവസാനിച്ചേക്കാമെന്ന് വിചാരിച്ചെങ്കിലും അധികം താമസിക്കാതെ, അഴിമതി, വിലക്കയറ്റം, ഭരണപരാജയം എന്നിവയ്‌ക്കെതിരായ സംസ്ഥാനവ്യാപക ജനകീയ പ്രക്ഷോപമായി മാറി. ഒടുക്കം മുഖ്യമന്ത്രി ചിമൻഭായ് പട്ടേൽ രാജിവെക്കുകയും ഗുജറാത്ത് നിയമസഭ പിരിച്ചുവിടുകയും പ്രസിഡന്റ് ഭരണം ഏർപ്പെടുത്തുകയും ചെയ്തു.
ഹൈദരാബാദ് സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിയായ രോഹിത് ചക്രവർത്തി വെമുലയുടെ മരണം ഇന്ത്യൻ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിർണ്ണായക ഇടപെടലുകൾക്ക് വഴിതെളിച്ച സംഭവമായിരുന്നു. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതിവിവേചനത്തെ കുറിച്ച് ഗൗരവമായ ചോദ്യങ്ങൾ അവശേഷിപ്പിച്ചുകൊണ്ടാണ് അന്ന് രോഹിത് വെമുല ജീവനൊടുക്കിയത്. പിന്നാലെ ഉയർന്ന ജസ്റ്റിസ് ഫോർ രോഹിമ് വെമുല പ്രക്ഷോഭം ഹൈദരാബാദ് സർവകലാശാലയുടെ അതിരുകൾക്ക് പുറത്തേയ്ക്ക് കടന്ന് രാജ്യം മുഴുവൻ വ്യാപിച്ചു. ഡൽഹിയിലേക്കും ജെഎൻയുവിലേക്കും രാജ്യത്തെ മറ്റു സർവകലാശാലകളിലേക്കും തെരുവുകളിലേക്കും പാർലമെന്റിലേക്കും കോടതികളിലേക്കും ആ പ്രതിഷേധത്തിന്റെ രാഷ്ട്രീയ പ്രതിധ്വനി വ്യാപിച്ചു. പത്ത് വർഷങ്ങൾക്കിപ്പുറം 2026-ലും ഇന്ത്യൻ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവേചനം തടയുന്നതിനുള്ള നിയമസംവിധാനങ്ങളെക്കുറിച്ചുള്ള ചർച്ചകളിളും രോഹിത് വെമുലയുടെ പേര് ഉയർന്ന് കേൾക്കുന്നുണ്ട്.
അടിയന്തരാവസ്ഥക്കാലത്തും രാജ്യത്ത് വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ വലിയ ചെറുത്ത് നിൽപ്പുകൾ ഉണ്ടായി. അടിയന്തരവാസ്ഥയ്ക്കെതിരെ പോരാട്ടം നയിച്ച നിരവധി വിദ്യാർത്ഥി നേതാക്കൾ പിന്നീട് രാജ്യത്തെ രാഷ്ട്രീയ-ഭരണ നേതൃത്വങ്ങളുടെ ഭാഗമായി. ഇന്നിതാ, ഭരണഘടനയെയും ജനാധിപത്യത്തെയും നീതിന്യായ– തെരഞ്ഞെടുപ്പ് സംവിധാനങ്ങളെയുമെല്ലാം ചവിട്ടിമെതിച്ചുകൊണ്ട് നിലനിൽക്കുന്ന ഒരു ഭരണകൂടത്തിനേറ്റ ശക്തമായ തിരിച്ചടിതന്നെയാണ് ഈ വിദ്യാർത്ഥി പ്രക്ഷോപം. ഇനിയും തിരുത്തൽ നടത്തിയില്ലെങ്കിൽ ഉയർന്നു വരിക ഇതിലും വലിയ പ്രക്ഷോപങ്ങളാകും.











