കോഴിക്കോട്: വടകരയിലെ ലഹരി ഇടപാട് കേസിൽ പ്രതിയായ അധ്യാപിക കാവ്യയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ബിആർസിക്ക് കീഴിൽ സ്പെഷ്യൽ എഡ്യൂക്കേറ്ററായി ജോലി ചെയ്തിരുന്ന കാവ്യയ്ക്കെതിരെയാണ് നടപടി. കേസിൽ അറസ്റ്റിലായതിന് പിന്നാലെ മറ്റൊരു അധ്യാപികയായ കീർത്തനയെയും ബിആർസി നേരത്തെ പിരിച്ചുവിട്ടിരുന്നു.
പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാവ്യയ്ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് സ്‌കൂൾ അധികൃതർ വ്യക്തമാക്കിയിരുന്നു. ഇരുവരും കരാർ അടിസ്ഥാനത്തിലായിരുന്നു ജോലി ചെയ്തിരുന്നത്.
അധ്യാപികമാർ ലഹരി ഇടപാടിൽ ഉൾപ്പെട്ടെന്ന വിവരം പുറത്തുവന്നത് ഞെട്ടലുണ്ടാക്കിയതായി ബിആർസിയിലെ മറ്റ് അധ്യാപകർ പ്രതികരിച്ചു. കാവ്യയും കീർത്തനയും അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നും എപ്പോഴും ഒരുമിച്ചാണ് ഉണ്ടായിരുന്നതെന്നും അവർ പറഞ്ഞു.
കീർത്തന ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നുവെന്നും സൂംബ ക്ലാസുകൾ നടത്തിയിരുന്നുവെന്നും അധ്യാപകർ വ്യക്തമാക്കി. കാവ്യയുടെ സാമ്പത്തിക ഇടപാടുകളിലും ജീവിതശൈലിയിലും പിന്നീട് മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും ഇവർ പറയുന്നു.
അതേസമയം, കേസിൽ കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്. ആസൂത്രിതമായ രീതിയിലാണ് ലഹരി ഇടപാട് നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക കണ്ടെത്തൽ. ലഹരി ആവശ്യപ്പെടുന്നവർ പണം പ്രതികളുടെ അക്കൗണ്ടുകളിലേക്ക് അയച്ച ശേഷം, ലഹരി ഒളിപ്പിച്ച സ്ഥലത്തിന്റെ വിവരങ്ങൾ കൈമാറിയിരുന്നതായാണ് പൊലീസ് സംശയിക്കുന്നത്.
വലിയ തുകകൾ അക്കൗണ്ടുകളിൽ എത്തിയാൽ സംശയം ഒഴിവാക്കാൻ മറ്റിടങ്ങളിലേക്ക് മാറ്റിയിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കാവ്യ വാങ്ങിയ ആഡംബര കാർ ലഹരി ഇടപാടിലൂടെ ലഭിച്ച പണം ഉപയോഗിച്ചാണോയെന്നും അന്വേഷണം തുടരുകയാണ്.
ലഹരി ആവശ്യപ്പെട്ട് പണം നൽകിയവരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സ്‌കൂൾ വിദ്യാർഥികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. സമാന രീതിയിൽ മറ്റ് രണ്ട് അധ്യാപകരുടെ അക്കൗണ്ടുകളിലേക്കും പണം എത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് ഇവരുടെ ബാങ്ക് ഇടപാടുകളും പരിശോധിക്കും.
കേസിലെ പ്രതികളായ കാവ്യയെയും കീർത്തനയെയും കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് പൊലീസിന്റെ നീക്കം.
അതേസമയം, പേരാമ്പ്ര ബിആർസിയിലേക്ക് കെഎസ്‌യു, യൂത്ത് ലീഗ്, യൂത്ത് കോൺഗ്രസ്, എംഎസ്എഫ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ച മുഴുവൻ പേരെയും പുറത്തുകൊണ്ടുവരണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.


