കണ്ണൂർ: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്‌ക മരണം സംഭവിച്ച യുവാവിന്റെ ഹൃദയം എയർ ആംബുലൻസിലൂടെ കൊച്ചിയിലെ ആശുപത്രിയിലേക്ക് എത്തിച്ചു. കണ്ണൂർ ആസ്റ്റർ മിംസിൽ നിന്ന് ഹൃദയം ആസ്റ്റർ മെഡിസിറ്റിയിലേക്കാണ് കൊണ്ടുപോയത്.
കണ്ണൂർ സ്വദേശിയായ അർജുന്റെ ഹൃദയമാണ് 48 വയസ്സുള്ള മലപ്പുറം സ്വദേശിയായ രോഗിക്ക് മാറ്റിവെക്കുന്നത്. രണ്ട് ദിവസം മുൻപ് ബൈക്കിൽ ടിപ്പറിടിച്ച് ഗുരുതരമായി പരിക്കേറ്റ അർജുന്റെ മസ്തിഷ്‌ക മരണം ഞായറാഴ്ച പുലർച്ചെയായിരുന്നു സ്ഥിരീകരിച്ചത്. മകന്റെ വിയോഗത്തിന്റെ ദുഃഖത്തിനിടയിലും അവയവദാനത്തിന് മാതാപിതാക്കൾ സമ്മതം നൽകിയതോടെ, നിരവധി രോഗികൾക്ക് അത് പുതുജീവിതമായി മാറി.
സംസ്ഥാന സർക്കാരിന്റെ കെ-സോട്ടോ (കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ) മുഖേനയാണ് അവയവ കൈമാറ്റം ഏകോപിപ്പിച്ചത്. മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയയിലൂടെ ഹൃദയം, കരൾ, വൃക്കകൾ എന്നിവ ദാനം ചെയ്തു.
കരൾ കോഴിക്കോട് മിംസിലെ രോഗിക്ക് നൽകി. ഒരു വൃക്ക കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ രോഗിക്കും മറ്റൊരു വൃക്ക കണ്ണൂർ മിംസിൽ ചികിത്സയിൽ കഴിയുന്ന രോഗിക്കും കൈമാറി. കൊച്ചിയിലെ ആശുപത്രിയിൽ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. പത്ത് ഡോക്ടർമാരോളം സംഘത്തെ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകുന്നു. അടിയന്തര സാഹചര്യത്തിൽ അവയവങ്ങൾ സമയബന്ധിതമായി എത്തിക്കാൻ കഴിഞ്ഞത് കൂട്ടായ പ്രവർത്തനത്തിന്റെ വിജയമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.






