കാസര്‍കോട്: കാസര്‍കോട് സ്പെഷ്യൽ സബ് ജയിലിൽ റിമാന്‍ഡിൽ ഉണ്ടായിരുന്ന പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. ദേളി സ്വദേശി മുബഷീർ ആണ് മരിച്ചത്. 2016ലെ പോക്‌സോ കേസിൽ ഈ മാസമാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ മുബഷീറെ റിമാൻഡ് ചെയ്യുകയായിരുന്നു.
ഇന്ന് രാവിലെയാണ് മുബഷീറിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
അതേസമയം, മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തുവന്നിട്ടുണ്ട്. ജയിലിൽ മർദനമേറ്റെന്നും, ചില ഗുളികകൾ കഴിപ്പിച്ചതായും മുബഷീർ മുമ്പ് പറഞ്ഞിരുന്നുവെന്നാണ് ബന്ധു ഹനീഫ് ആരോപിച്ചത്. ഇതുമായി ബന്ധപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സംഭവത്തിൽ വ്യക്തത വരുത്തുന്നതിനായി വിദഗ്ധ പരിശോധനയോടുകൂടിയ പോസ്റ്റ്‌മോർട്ടം നടത്തുമെന്ന് എം.എ നെല്ലിക്കുന്ന് എംഎൽഎ അറിയിച്ചു. പരിയാരം മെഡിക്കൽ കോളേജിലെ പ്രത്യേക മെഡിക്കൽ ടീമിന്റെ മേൽനോട്ടത്തിലായിരിക്കും പോസ്റ്റ്മോർട്ടം നടപടികൾ നടക്കുക എന്നും എംഎൽഎ കൂട്ടിച്ചേർത്തു.



