കോട്ടയം: മുണ്ടക്കയത്തു കായിക വിനോദങ്ങൾക്ക് ആധുനിക സൗകര്യങ്ങളൊരുക്കി പുത്തൻചന്തയിലെ പഞ്ചായത്ത് സ്റ്റേഡിയത്തിന്റെ നവീകരണം അവസാന ഘട്ടത്തിലെത്തി. ഒരു നിയോജകമണ്ഡലത്തിൽ ഒരു കളിസ്ഥലമെന്ന സർക്കാർ പദ്ധതിയിൽപ്പെടുത്തിയാണ് മുണ്ടക്കയം പഞ്ചായത്തിന്റെ പുത്തൻചന്ത സ്റ്റേഡിയത്തിന്റെ നിർമാണം ആരംഭിച്ചത്.
സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ വികസനഫണ്ടിൽനിന്ന് ഒന്നേകാൽ കോടി രൂപ അനുവദിച്ചു. ഫുട്ബോൾ, ക്രിക്കറ്റ് തുടങ്ങിയ കായികവിനോദങ്ങൾക്ക് ഇവിടെ ഇനി ആധുനിക സംവിധാനങ്ങളോടുകൂടിയ സൗകര്യമുണ്ടാകും. ഗ്രൗണ്ടിനുചുറ്റും വേലി, കാണികൾക്ക് കളികൾ ആസ്വദിക്കുവാനുള്ള ഗ്യാലറി എന്നിവയുടെ നിർമാണം ഏതാണ്ട് പൂർത്തിയായി.
ഫെബ്രുവരി പകുതിയോടെ നിർമാണം പൂർത്തിയാക്കും. സ്റ്റേഡിയത്തിലേക്കുള്ള റോഡിന്റെ വീതികുറവുമൂലം മുണ്ടക്കയം ബൈപ്പാസിൽനിന്ന് സ്റ്റേഡിയത്തിലേക്ക് നടപ്പാതയും നിർമിക്കും. നാളുകൾക്കു മുമ്പ് പ്രദേശത്തെ പ്രധാന കായിക വിനോദകേന്ദ്രമായിരുന്നു പുത്തൻചന്ത കളിക്കളം.
ഫ്ലഡ്‌ലൈറ്റിന്റെ മാതൃകയിൽ ഇരുന്നൂറ് വാട്ട്സിന്റെ നാല്പതോളം ലൈറ്റുകൾ സ്ഥാപിക്കും. രാവിലെയും വൈകീട്ടും നടക്കുന്നതിനും വ്യായാമത്തിനുമായി ഗ്രൗണ്ടിന് ചുറ്റും നാനൂറു മീറ്ററോളം നീളത്തിൽ ഒന്നര മീറ്റർ വീതിയിൽ നടപ്പാതയും നിർമിക്കുന്നു.






