കൊൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായ പശ്ചിമ ബംഗാളിൽ 15 ബൂത്തുകളിൽ നാളെ റീപോളിങ് നടക്കും. മഗ്രാഹാത് വെസ്റ്റിൽ 11 ബൂത്തിലും ഡയമണ്ട് ഹാർബറിൽ 4 ബൂത്തിലുമാണ് വീണ്ടും വോട്ടെടുപ്പ്. എല്ലാം സൗത്ത് 24 പർഗാനാസ് ജില്ലയിൽ വരുന്ന ബൂത്തുകളാണ്. രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ആറ് മണി വരെയാണ് വോട്ടെടുപ്പ്. വോട്ടിങ്ങിൽ ക്രമക്കേട് നടന്നതായി പരാതി ലഭിച്ചതിന്റെയും ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് റീപോളിങ് നടത്തുന്നത്.
ഫാൽട്ടയിലെ ബൂത്തുകളിൽ ഇവിഎം തിരിമറി നടന്നതായി ബിജെപി ആരോപണമുന്നയിച്ചിട്ടുണ്ട്. ഇവിടെ ഒരു ബൂത്തിൽ വോട്ടിങ് യന്ത്രത്തിലെ ബട്ടണുകളിൽ സെല്ലോ ടേപ്പുകൾ ഉപയോഗിച്ച് കൃത്രിമം കാട്ടിയെന്നായിരുന്നു ആരോപണം. തൃണമൂൽ കോൺഗ്രസിന്റെ ശക്തികേന്ദ്രമായ ഇവിടെ 30 ബൂത്തുകളിൽ റീപോളിങ് നടത്തണമെന്നാവശ്യപ്പെട്ട് പരാതി ലഭിച്ചിട്ടുണ്ട്. ഇതിൽ കമ്മീഷൻ ഉടൻ തീരുമാനമെടുത്തേക്കും.


