കോഴിക്കോട്: ദേശീയപാത രാമനാട്ടുകര-വെങ്ങളം റീച്ചിൽ പന്തീരാങ്കാവിൽ നിർമിച്ച ടോൾ പ്ലാസയിൽ റോഡ് താഴുന്നതായി റിപ്പോർട്ട്. ദേശീയപാതയിൽ പന്തീരാങ്കാവ് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള ടോൾ പ്ലാസയിലെ ഒന്നാം ട്രാക്കിലാണ് പ്രധാനമായും റോഡ് താഴ്ന്നത്. വലിയ കനത്തിൽ കോൺക്രീറ്റ് ചെയ്ത ഭാഗമാണിത്.
റോഡ് താഴ്ന്നതിനെത്തുടർന്ന് ടോൾ പ്ലാസ കമാനത്തിലെ സ്റ്റീൽ ബീമുകൾ വളഞ്ഞിട്ടുണ്ട്. കൂടാതെ, ഈ ഭാഗത്ത് നിർമാണം പൂർത്തിയാക്കിയ ശുചിമുറി കെട്ടിടവും പവർഹൗസും ചരിഞ്ഞ അവസ്ഥയിലാണ്. ഈ കെട്ടിടങ്ങളുടെ ചുവരുകളിൽ വിള്ളലുകൾ വീണിട്ടുണ്ട്. വാഹനങ്ങളുടെ തൂക്കം എടുക്കുന്ന ‘വെയ് ബ്രിഡ്ജും’ ചെരിഞ്ഞ നിലയിലാണ്. റോഡിന്റെ കോൺക്രീറ്റ് പ്രതലം താഴുന്ന ഭാഗങ്ങൾ ടാർചെയ്ത് മറയ്ക്കാനും കെട്ടിടങ്ങളിലെ വിള്ളലുകൾ പുട്ടിയിട്ട് മറയ്ക്കാനുമുള്ള ശ്രമങ്ങളാണ് നിർമാണ കമ്പനി നിലവിൽ നടത്തുന്നത്.
മാമ്പുഴയുടെ ഓരത്തുള്ള ചതുപ്പ് നിലത്താണ് ഈ ഭാഗത്തെ ദേശീയപാതയുടെ നിർമാണം. ഇവിടെ ദേശീയപാതക്ക് ഏകദേശം 5 മീറ്ററോളം ഉയരമുണ്ട്.ദേശീയപാതയുടെ നിർമാണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ഈ ഭാഗത്തെ കോൺക്രീറ്റ് നിർമിത പാർശ്വഭിത്തി തകർന്നിരുന്നതായി റിപ്പോർട്ടുണ്ട്.






