കോട്ടയം: ചങ്ങനാശേരി നഗരത്തിനടുത്തു റൂബിനഗറിൽ റൂബിയാണ് ഇപ്പോൾ ചർച്ചാ വിഷയം. അണലിയുടെ കടിയേറ്റിട്ടും വീട്ടുകാർക്ക് കാവൽ ഒരുക്കി റൂബി എന്ന ലാബ്രഡോർ ഇനത്തിലെ വളർത്തുനായ. അണലിയുടെ കടിയേറ്റ് ഗുരുതരാവാസ്ഥയിലായിരുന്ന നായ ജീവിതത്തിലേക്ക് മടങ്ങി വന്നതും ചർച്ച വിഷയമായി.
അസംപ്ഷൻ കോളജിനു സമീപം റൂബി നഗറിൽ മുളശേരിൽ സലികുമാറിന്റെയും ഭാര്യ സുധയുടെയും വളർത്തുനായയാണ് റൂബി എന്ന ആറു വയസ്സുള്ള നായ. കഴിഞ്ഞ മാസം ഇരുപതിയഞ്ചിന് രാത്രി ഒൻപതരക്കയിരുന്നു സംഭവം. മുറ്റത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിനടിയിലാണ് അണലിയെ കണ്ടത്. നായയുടെ നിർത്താതെയുള്ള കുര കേട്ട് നോക്കുമ്പോഴാണ് വീട്ടുകാർ സംഭവമറിയുന്നത്. അണലിയുടെ അടുത്തുനിന്നു മാറ്റാൻ ശ്രമിച്ചെങ്കിലും നായ പിൻമാറിയില്ല. ഇതിനിടയിൽ അണലി നായയെ കടിക്കുകയും ചെയ്തു. എന്നിട്ടും നായ മാറിയില്ല.
സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ വാഴപ്പള്ളി സ്വദേശിയായ സ്നേക്ക് ക്യാച്ചർ ഷിനോ കുറ്റിശേരി അണലിയെ പിടികൂടി. ഉടൻ തന്നെ സലികുമാറും സുധയും റൂബിയെ തുരുത്തിയിലെ റിട്ട. വെറ്ററിനറി സർജൻ ഡോ. ഉണ്ണിക്കൃഷ്ണന്റെ സ്വകാര്യ ക്ലിനിക്കിലെത്തിച്ചു. ഇവിടെയെത്തിക്കുമ്പോൾ നായ തീർത്തും അവശയായി ഗുരുതരാവസ്ഥയിലായിരുന്നു. പരിചരണവും പ്രാർഥനകളും ഫലം കണ്ടു. നായ ജീവിതത്തിലേക്ക് തിരികെ വന്നു.






